തിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാനനേതാക്കൾ ഉൾപ്പെട്ട കുഴൽപ്പണക്കേസ് അന്വേഷണത്തിന്റെപേരിൽ മുഖ്യമന്ത്രിക്കെതിരേ ബി.ജെ.പി. നേതാവ് എ.എൻ. രാധാകൃഷ്ണൻ നടത്തിയ ഭീഷണി ഗൗരവപൂർവം കണക്കിലെടുക്കണമെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി എ. വിജയരാഘവൻ.

സമാധാനപരമായ സാമൂഹികാന്തരീക്ഷത്തെ കലാപഭരിതമാക്കാനുള്ള ശ്രമമാണിത്. രാഷ്ട്രീയമായ അഭിപ്രായ പ്രകടനത്തിനപ്പുറം മുഖ്യമന്ത്രിയുടെ കുടുംബത്തെ കടന്നാക്രമിക്കുന്ന രീതിയാണ് ബി.ജെ.പി. സ്വീകരിച്ചിരിക്കുന്നത്. ചാനൽചർച്ചകളിൽ അഭിപ്രായം പറയുന്നവർക്കെതിരേപോലും രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന കൂട്ടരാണ് ഇവിടെ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നത്. മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്നും മക്കളെ കള്ളക്കേസിൽ കുടുക്കുമെന്നുമാണ് രാധാകൃഷ്ണന്റെ ഭീഷണി. കെ.സുരേന്ദ്രനെതിരേ നിയമാനുസൃതം നടക്കുന്ന അന്വേഷണം മുഖ്യമന്ത്രി ഇടപെട്ട് അവസാനിപ്പിക്കണമെന്നാണ് മോഹമെങ്കിൽ അതു നടക്കില്ലെന്നും വിജയരാഘവൻ പറഞ്ഞു.