തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടന സംബന്ധിച്ച നിർദേശങ്ങളും സമയക്രമവും അംഗീകരിക്കാൻ 23-ന് രാഷ്ട്രീയകാര്യസമിതി യോഗംചേരും. കെ.പി.സി.സി. പ്രസിഡന്റായി കെ. സുധാകരൻ ചുമതലയേറ്റശേഷംചേർന്ന മുതിർന്നനേതാക്കളുടെ യോഗത്തിലാണ് തീരുമാനം. പുനഃസംഘടന സംബന്ധിച്ച കരടുനിർദേശങ്ങൾ പ്രസിഡന്റ് സമിതിയിൽ അവതരിപ്പിക്കും.

കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രൻ യോഗത്തിൽ വികാരഭരിതനായി സംസാരിച്ചു. നേതൃമാറ്റചർച്ചകൾ നടക്കുന്നകാലത്ത് തന്നെയും കുടുംബത്തെയും സമൂഹികമാധ്യമങ്ങളിലൂടെയുംമറ്റും വേദനയുണ്ടാക്കുന്ന തരത്തിൽ അധിക്ഷേപിക്കുന്ന പ്രചാരണമുണ്ടായതായി അദ്ദേഹം പറഞ്ഞു. പാർട്ടിക്കാർ തന്നെയാണ് ഇതിനുപിന്നിൽ. പാർട്ടിയിൽ അച്ചടക്കമില്ലായ്മയാണ് ഏറ്റവുംവലിയ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം കാര്യങ്ങൾ പരിശോധിക്കാൻ അച്ചടക്കസമിതി രൂപവത്കരിക്കാമെന്ന വി.ഡി. സതീശന്റെ നിർദേശം അംഗീകരിച്ചു.

താരിഖ് അൻവർ ഉമ്മൻചാണ്ടിയെ കണ്ടു

എ.ഐ.സി.സി. ജനറൽസെക്രട്ടറി താരിഖ് അൻവർ ഉമ്മൻചാണ്ടിയെ വീട്ടിലെത്തി സന്ദർശിച്ചു. പ്രതിപക്ഷനേതാവ്, കെ.പി.സി.സി. പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിലേക്ക് പുതിയ ആളുകളെ നിയമിച്ച നടപടിയിൽ ഹൈക്കമാൻഡിനോട് അതൃപ്തിയിലാണ് ഉമ്മൻചാണ്ടി. ഇതിനിടെയാണ് താരിഖ് അൻവർ സന്ദർശിച്ച് അനുനയശ്രമം നടത്തിയത്.