എരുമേലി: കാഴ്ചയിൽ, രണ്ടുവയസ്സുള്ള കുട്ടിയെന്നേ തോന്നുമായിരുന്നുള്ളൂ. ശരീരം ദുർബലമെങ്കിലും മനസ്സ് ദൃഢമായിരുന്നു. അസ്ഥികൾ നുറുങ്ങുന്ന രോഗവും ശ്വസന പ്രശ്‌നങ്ങളുമുണ്ടായിരുന്ന ലത്തീഷ (27)യ്ക്ക് 27 വർഷത്തെ ജീവിതം പരീക്ഷണമായിരുന്നെങ്കിലും പുഞ്ചിരിയോടെ അതെല്ലാം നേരിട്ടു. ആവതില്ലാത്തവർക്ക് അതിജീവനത്തിന്റെ മാതൃകയായി. കലയിലും വിദ്യാഭ്യാസത്തിലും സ്ഥാനം ഉറപ്പിച്ചു. ഒടുവിൽ ഏവർക്കും പ്രചോദനം പകർന്ന് ബുധനാഴ്ച ലത്തീഷ മൺമറഞ്ഞു.

ശ്വസനം ബുദ്ധിമുട്ടായതിനെത്തുടർന്ന് പാലാ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജന്മനാ ബ്രിറ്റിൽബോൺ രോഗമുണ്ടായിരുന്ന ലത്തീഷ അഞ്ചുവർഷം മുമ്പാണ് പൾമണറി ഹൈപ്പർടെൻഷൻ രോഗാവസ്ഥയിലെത്തിയത്.

ഓക്‌സിജൻ സിലിൻഡറിന്റെ സഹായത്തോടെയായിരുന്നു ശ്വസനം. ബുധനാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു മരണം.

’സിവിൽ സർവീസ് നേടണം. രോഗബാധിതരായ വിദ്യാർഥികൾ വീടിന്റെ നാല് ചുവരുകളിൽ ഒതുങ്ങാതെ വിദ്യ അഭ്യസിക്കണം’...ലത്തീഷ പറഞ്ഞിരുന്നു. മകളുടെ ആഗ്രഹം സഫലമാക്കാൻ, രക്ഷിതാക്കളായ എരുമേലി പുത്തൻപീടികയിൽ അൻസാരിയും ഭാര്യ ജമീലയും ഒപ്പംനിന്നപ്പോൾ ലത്തീഷ പത്താം ക്ലാസും ബിരുദവും ബിരുദാനന്തബിരുദവും നേടി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷവരെയെത്തി. അസുഖത്തിന്റെ ആകുലതയും കോവിഡ്‌കാലവുമായതോടെ പരീക്ഷ മുഴുമിപ്പിക്കാനായില്ല.

ദുർബലമായ വിരലുകൾകൊണ്ട് മനോഹര ചിത്രങ്ങൾ വരയ്ക്കാനും ഓർഗനിൽ സംഗീതം പൊഴിക്കാനും ലത്തീഷ പഠിച്ചു. സമാനരോഗമുള്ളവർക്ക് ഓൺലൈനിൽ പോസിറ്റീവ് ചിന്തകൾ പകർന്നു. കേരളത്തിനകത്തും പുറത്തുനിന്നുമായി ഹെൽത്ത് പോസിറ്റീവ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങളും നേടി.

സിനിമയിലും മറ്റ് സാമൂഹിക സാംസ്‌കാരിക മേഖലകളിലുമുള്ളവരെ നേരിട്ടുകാണാനും സംസാരിക്കാനും ലത്തീഷയ്ക്കായി. പരിമിതികളെ അവഗണിച്ച് അതിജീവനത്തിന്റെ മാതൃകയായി. സഹോദരി ലാമിയ ഫൈസൽ.

ബുധനാഴ്ച എരുമേലി ടൗൺ നൈനാർ മസ്ജിദ് കബർസ്ഥാനിൽ കബറടക്കം നടത്തി.