തിരുവനന്തപുരം: 1964-ലെ ഭൂപതിവ് ചട്ടപ്രകാരം പട്ടയം ലഭിച്ച ഭൂമിയിലെ മരങ്ങൾ മുറിക്കുന്നതുസംബന്ധിച്ച അവ്യക്തത നീക്കാൻ ചട്ടഭേദഗതിതന്നെ വേണ്ടിവരുമെന്ന് നിയമവകുപ്പ് ശുപാർശ ചെയ്തു. ഇതേ ചട്ടത്തിലെ ഷെഡ്യൂൾ ഒന്നിൽ പറയുന്ന 65 ഇനം മരങ്ങൾ മുറിക്കാൻ അനുമതിനല്കുംവിധം ഭേദഗതിവരുത്തണമെന്ന് അവർ റവന്യൂവകുപ്പിനെ അറിയിച്ചു.

മരങ്ങളുടെ പട്ടികയിൽ വ്യക്തത വരുത്തുകയും വേണം. ഇതിനായി റവന്യൂവകുപ്പ് തയ്യാറാക്കുന്ന കരട് ഇടതുമുന്നണിയിലും മന്ത്രിസഭയിലും ചർച്ചചെയ്ത് നടപ്പാക്കാനാണ് റവന്യൂവകുപ്പ് പരിഗണിക്കുന്നത്. 2020 ഒക്ടോബറിൽ മരംമുറിക്ക് അനുമതിനൽകി ഉത്തരവിറക്കിയത് മന്ത്രിസഭയിൽ ചർച്ചചെയ്യാതെയാണെന്ന് ആരോപണം ഉയർന്നിരുന്നു. ഉത്തരവ് വിവാദമായതോടെ റവന്യൂ വകുപ്പ് നിയമവകുപ്പിനോട് പോംവഴി ആരാഞ്ഞിരുന്നു.

ഇതോടൊപ്പം വനേതരപ്രദേശത്തെ വൃക്ഷങ്ങൾ മുറിക്കാനുള്ള 2005-ലെ ആക്ടിന്റെ 2007-ലെ ഭേദഗതിയിലും വീണ്ടും ഭേദഗതി കൊണ്ടുവരേണ്ടിവരുമെന്നും നിയമവകുപ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.