അടിമാലി: റവന്യൂവകുപ്പിന്റെ വിവാദ ഉത്തരവിന്റെ മറവിൽ അടിമാലി റെയ്ഞ്ചിൽനിന്ന് ഈട്ടിത്തടി വെട്ടിക്കടത്തിയ സംഭവത്തിൽ ആറുകേസുകൾ രജിസ്റ്റർ ചെയ്തു. കല്ലാർ സെക്ഷനിൽ നാല്, മുക്കുടം സെക്ഷനിൽ രണ്ട് കേസുമാണ് രജിസ്റ്റർചെയ്തത്. കല്ലാറിൽനിന്ന് നാല് പാസുകളിലായി കടത്തിയ ഒൻപത് ക്യുബിക് മീറ്റർ തേക്ക് പെരുമ്പാവൂരിനുസമീപത്തെ മില്ലിൽനിന്ന് വിജിലൻസ് പിടികൂടിയിരുന്നു. ഇതിന്റെ രേഖകൾ തിങ്കളാഴ്ച ലഭിച്ചതോടെയാണ് ബുധനാഴ്ച കേസെടുത്തത്.

മുക്കുടം സെക്ഷനിൽനിന്ന്‌ രണ്ട് പാസ് ഉപയോഗിച്ച് അഞ്ച് തേക്കുകൾ മുറിച്ചു. നാലെണ്ണം കടത്തിക്കൊണ്ടുപോയി. ഒരെണ്ണം ഉപേക്ഷിച്ച നിലയിലാണ്. ഈ തടി കണ്ടുകെട്ടും. നേര്യമംഗലം റെയ്ഞ്ചിൽ റവന്യു പുറമ്പോക്ക് ഭൂമിയിൽനിന്നാണ് മരം വെട്ടിയത്. ഇവിടെ കേസെടുക്കാൻ വിജിലൻസ് സംഘം റെയ്ഞ്ച് ഓഫീസർക്ക് നിർദേശം നൽകി.

ദേവികുളം റെയ്ഞ്ചിൽ ഉൾപ്പെടുന്ന ആനവിരട്ടി, വെള്ളത്തൂവൽ, ചിന്നക്കനാൽ വില്ലേജുകളിലും റവന്യു പുറന്പോക്ക് ഭൂമിയിലും കുത്തകപ്പാട്ടഭൂമിയിലുമാണ് മരംവെട്ട് നടന്നതെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഇവിടെയും ക്രൈംബ്രാഞ്ച് സംഘം മോഷണക്കുറ്റംചുമത്തി കേസെടുക്കും.