തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്രായോഗിക പരീക്ഷകൾ ജൂൺ 28-ന് ആരംഭിക്കും. വൊക്കേഷണൽ ഹയർസെക്കൻഡറിവിഭാഗം, എൻ.എസ്.ക്യു.എഫ്. പ്രായോഗിക പരീക്ഷകൾ ജൂൺ 21 മുതൽ നടത്തുമെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

22-ന് ആരംഭിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. പ്രായോഗിക പരിശീലനം നടത്താൻ കൂടുതൽ സമയം വേണമെന്ന ആവശ്യം പരിഗണിച്ചാണ് മാറ്റംവരുത്തിയത്. ജൂൺ 17 മുതൽ 25 വരെ തീയതികളിൽ വിദ്യാർഥികൾക്ക് ആവശ്യമെങ്കിൽ അധ്യാപകരുടെ ലഭ്യതയനുസരിച്ച് സ്കൂളിലെത്തി പ്രായോഗിക പരിശീലനം നേടാം.

പ്രായോഗിക പരീക്ഷയുടെ ഭാഗമായുള്ള പ്രൊസീജിയർ എഴുത്ത് കഴിയുന്നത്ര ലാബിനുപുറത്തുെവച്ചും വൈവ വായുസഞ്ചാരമുള്ള വ്യത്യസ്ത ക്ലാസ്‌മുറികളിൽെവച്ചും നടത്തും. പ്രായോഗിക പരീക്ഷയുടെ ബാച്ചുകളുടെ എണ്ണവും സമയക്രമവും പുനഃക്രമീകരിച്ചു. പ്രായോഗിക പരീക്ഷയുടെ ഫോക്കസ് പോയന്റ് പ്രത്യേകമായി തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചോദ്യങ്ങളുടെ എണ്ണം പരിമിതപ്പെടുത്തി.

സെപ്റ്റംബറിൽ നിശ്ചയിച്ചിട്ടുള്ള പ്ലസ് വൺ പരീക്ഷയ്ക്ക് ഇരട്ടി മാർക്കിനുള്ള ചോദ്യങ്ങൾ നൽകുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു.