ചങ്ങനാശ്ശേരി: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് നൽകിയിരുന്ന ഗ്രേസ് മാർക്ക് ഈ വർഷം കൊടുക്കുമോയെന്നതിൽ തീർപ്പായില്ല. ഫലം പ്രഖ്യാപിക്കാൻ ദിവസങ്ങൾമാത്രം ശേഷിക്കേ ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസവകുപ്പ് തീരുമാനം എടുത്തിട്ടില്ല.

കോവിഡ് മൂലം കഴിഞ്ഞ അധ്യയനവർഷം കലാ, കായിക, ശാസ്ത്ര, പ്രവൃത്തിപരിചയമേളകൾ നടത്താനായില്ല. ബന്ധപ്പെട്ട മേഖലകളിൽ മുൻകാലങ്ങളിൽ മികവ് പുലർത്തിയ വിദ്യാർഥികൾക്ക് എങ്ങനെ ഗ്രേസ് മാർക്ക് നൽകുമെന്നതിലാണ് തീരുമാനം വരേണ്ടത്.

എസ്.സി.ഇ.ആർ.ടി. വർഷങ്ങൾക്കുമുമ്പ് ഗ്രേസ്‌മാർക്ക് പരിഷ്‌കരണസമിതിയെ നിയോഗിച്ച് വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു. ഇത് പൂർണമായും നടപ്പാക്കിയിട്ടില്ല.

കോവിഡ് കാലത്തോടനുബന്ധിച്ച് പുതിയ റിപ്പോർട്ടും എസ്.സി.ഇ.ആർ.ടി. സർക്കാരിന് സമർപ്പിച്ചിരുന്നു. ഇതിൽ, നടത്തിയ പ്രവർത്തനങ്ങൾക്കനുസരിച്ച് കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകാമെന്നാണ് പറഞ്ഞിരുന്നത്.

നാഷണൽ സർവീസ് സ്‌കീം വൊളന്റിയർമാർക്ക് ഗ്രേസ് മാർക്ക് നൽകുന്നതിനുള്ള അപേക്ഷാഫോം സൈറ്റിൽ അപ്‌ലോഡ് ചെയ്തെങ്കിലും വൈകാതെ പിൻവലിച്ചു.

നാഷണൽ സർവീസ് സ്‌കീം, എൻ.സി.സി., സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, എസ്.പി.സി., റെഡ്‌ക്രോസ് തുടങ്ങിയ സംഘടനകളിൽ പ്രവർത്തിക്കുന്നവർക്കുള്ള ഗ്രേസ് മാർക്കിന്റെ കാര്യത്തിലും അവ്യക്തതയാണ്. സ്‌കൂളുകൾ പ്രവർത്തിക്കുന്നില്ലെങ്കിലും ഈ സംഘടനകളിലുള്ള വിദ്യാർഥികൾ കോവിഡ് ബോധവത്കരണ നടപടികളിലും മറ്റ് സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്നു.

മാസ്‌ക് ചലഞ്ച്, പൾസ് ഓക്‌സിമീറ്റർ വിതരണം, ഭക്ഷ്യകിറ്റ് വിതരണം, മഴക്കുഴി നിർമാണം, മഴക്കാല ശുചീകരണം തുടങ്ങിയവ കുട്ടികൾ നടത്തി. ഗ്രേസ് മാർക്ക് ലഭിക്കാനാവശ്യമായ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുന്ന ഇത്തരം സംഘടനകളിലുള്ളവർക്ക്, ഈ വർഷം ഗ്രേസ് മാർക്ക് നൽകണമോയെന്നതിലും തീരുമാനമായിട്ടില്ല.

സർക്കാർ തീരുമാനിച്ചാലേ വിദ്യാഭ്യാസവകുപ്പിന് തുടർനടപടികൾ എടുക്കാനാകൂ.

കുട്ടികളുടെ ഭാവി സംരക്ഷിക്കണം

വർഷങ്ങൾക്കുമുമ്പ്, ഗ്രേസ് മാർക്ക് പരിഷ്‌കരണസമിതി സമർപ്പിച്ച റിപ്പോർട്ട് പൂർണമായോ, എസ്.സി.ഇ.ആർ.ടി. അടുത്തിടെ നൽകിയ മാർഗനിർദേശങ്ങളോ നടപ്പാക്കണം. അതുവഴി കുട്ടികളുടെ ഭാവി സംരക്ഷിക്കണം-ഡോ.മണക്കാല ഗോപാലകൃഷ്ണൻ, ഗ്രേസ് മാർക്ക് സമിതി മുൻ അംഗം.