തിരുവനന്തപുരം: എസ്.ഐ.യു.സി. ഇതര ക്രിസ്ത്യൻ നാടാർ സമുദായത്തെ എസ്.ഇ.ബി.സി. (സോഷ്യലി ആൻഡ് എജ്യുക്കേഷണലി ബാക്‌വേഡ്‌ ക്ലാസസ്) പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചു. ഇതോടെ, ഉന്നതവിദ്യാഭ്യാസ കോഴ്‌സുകൾക്കുള്ള പ്രവേശനം, പ്രവേശനപ്പരീക്ഷകൾ എന്നിവയ്ക്ക് ഇവർക്ക് സംവരണം ലഭിക്കും.

നേരത്തേ ഈ വിഭാഗത്തെ ഒ.ബി.സി. പട്ടികയിൽപ്പെടുത്തിയിരുന്നു. ഇതോടെ ഉദ്യോഗനിയമനത്തിനുള്ള സംവരണാനുകൂല്യം ഇവർക്ക് ലഭിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസത്തിനും സംവരണം വേണമെന്ന ആവശ്യമുയർന്നതോടെയാണ് മന്ത്രിസഭാ തീരുമാനം.

എസ്.ഇ.ബി.സി. സംവരണം സംബന്ധിച്ച് ഉത്തരവുകൾ പുറപ്പെടുവിച്ച് അടിയന്തരമായി നടപ്പിൽവരുത്താൻ പിന്നാക്ക സമുദായ ക്ഷേമം, ഉന്നതവിദ്യാഭ്യാസം, മറ്റു ബന്ധപ്പെട്ട വകുപ്പുകൾ എന്നിവയ്ക്ക് നിർദേശം നൽകും. സമയബന്ധിതമായി ഇക്കാര്യം പൂർത്തിയാക്കാൻ മേൽനോട്ടം വഹിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

എൻജിനിയറിങ്, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ തുടങ്ങി എല്ലാ പ്രൊഫഷണൽ കോഴ്‌സുകളിലും ഇവർക്ക് എസ്.ഇ.ബി.സി. സീറ്റ് സംവരണമുണ്ടാകും. ഇത്തവണത്തെ പ്രവേശനത്തിനുമുമ്പേ ഉത്തരവിറക്കാനാണ് നിർദേശം.

ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിലായി എൺപത്തിയഞ്ചോളം വിഭാഗങ്ങളാണ് പിന്നാക്ക വിഭാഗവികസന വകുപ്പിന്റെ എസ്.ഇ.ബി.സി. പട്ടികയിലുള്ളത്. ഇതിൽ മറ്റു പിന്നാക്ക ക്രിസ്ത്യാനികൾ എന്ന വിഭാഗത്തിൽ എസ്.ഐ.യു.സി. ഇതര ക്രിസ്ത്യൻ നാടാർ സമുദായത്തെയും ഉൾപ്പെടുത്തിയേക്കും.