ഹോട്ടലുകളിലും റെേസ്റ്റാറൻറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമില്ല. എ-വിഭാഗം തദ്ദേശസ്ഥാപനങ്ങളിൽ ഏഴുമുതൽ ഏഴുവരെ പാഴ്‌സലും രാത്രി 9.30 വരെ ഹോം ഡെലിവറിയും ഉണ്ടാവും. ബി, സി വിഭാഗങ്ങളിൽ ഏഴുമുതൽ ഏഴുവരെമാത്രം. ഡി വിഭാഗത്തിൽ ഹോംഡെലിവറിമാത്രം.

ഓട്ടോ, ടാക്സി, ബസ് വ്യവസ്ഥകളോടെ

എ-വിഭാഗം: ഓട്ടോ, ടാക്സി സർവീസ് അനുവദിച്ചിട്ടുണ്ട്. ടാക്സിയിൽ ഡ്രൈവർക്കുപുറമേ മൂന്നുപേർക്കും ഓട്ടോയിൽ രണ്ടുപേർക്കും യാത്രചെയ്യാം. കുടുംബാംഗങ്ങളാണെങ്കിൽ എണ്ണം ബാധകമല്ല.

മറ്റുസ്ഥലങ്ങൾ: ചികിത്സാ ആവശ്യങ്ങൾക്കും അവശ്യസാധനങ്ങൾ വാങ്ങാനും വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുവരാനും പോകാനും ഓട്ടോ, ടാക്‌സി (ഊബർ, ഒല എന്നിവയുൾപ്പെടെ) യാത്രയാവാം. യാത്രക്കാരുടെ എണ്ണം എ വിഭാഗത്തിലേതുപോലെ.

കെ.എസ്.ആർ.ടി.സി., സ്വകാര്യ ബസുകൾക്ക് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സർവീസ് നടത്താം. എന്നാൽ സി, ഡി വിഭാഗം മേഖലയിൽ സ്റ്റോപ്പ് ഉണ്ടാവില്ല. ജില്ലവിട്ടുള്ള യാത്രയ്ക്ക് സത്യവാങ്മൂലം കരുതണം.

മദ്യം എയിലും ബിയിലും മാത്രം

ബാറുകൾക്കും ബിവറേജസ് കോർപ്പറേഷന്റെ മദ്യവില്പനശാലകൾക്കും പ്രവർത്തിക്കാൻ അനുവാദമുള്ളത് എ, ബി വിഭാഗം തദ്ദേശസ്ഥാപനങ്ങളിൽമാത്രം. ബാറുകളിൽനിന്ന് പാഴ്‌സൽ മാത്രമേ പാടുള്ളൂ. കള്ളുഷാപ്പുകളിൽനിന്ന് പാഴ്‌സൽ അനുവദിച്ചിട്ടുണ്ട്.

എയിലും ബിയിലും കളിക്കാം, നടക്കാം

ശാരീരികസ്പർശമില്ലാത്ത, വാതിൽപ്പുറ കായികയിനങ്ങൾ എ, ബി വിഭാഗത്തിൽപ്പെടുന്ന തദ്ദേശസ്ഥാപനങ്ങളിൽ അനുവദിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച് പ്രഭാത-സായാഹ്ന നടത്തവും ആകാം.

വീട്ടുജോലിക്കാർക്കും സ്വാതന്ത്ര്യം

രോഗവ്യാപനം കുറഞ്ഞ എ, ബി വിഭാഗം തദ്ദേശസ്ഥാപനങ്ങളിൽ വീട്ടുജോലിക്കുപോകുന്നവരെ യാത്രചെയ്യാൻ അനുവദിക്കും.

ബുധനാഴ്ച അറിയാം, എല്ലാം ടി.പി.ആർ. തീരുമാനിക്കും

ഒരു തദ്ദേശസ്ഥാപനത്തിൽ എന്തെല്ലാം നിയന്ത്രണങ്ങൾ വേണമെന്നു തീരുമാനിക്കുന്നത് ടി.പി.ആർ. അനുസരിച്ചാണ്. ഏഴുദിവസത്തെ ടി.പി.ആറിന്റെ ശരാശരി കണക്കാക്കി ആ തദ്ദേശസ്ഥാപനം ഏതുവിഭാഗത്തിൽ വരുമെന്ന് പ്രഖ്യാപിക്കും. ബുധനാഴ്ചതോറും കളക്ടറാണിത് പ്രഖ്യാപിക്കുന്നത്.

ടി.പി.ആർ. കൂടിയാൽ കൂടുതൽ നിയന്ത്രണങ്ങൾ. കുറഞ്ഞാൽ കൂടുതൽ ഇളവുകൾ. അടുത്ത ബുധനാഴ്ചവരെ ആ സ്ഥിതി തുടരും.

ശനിയും ഞായറും സമ്പൂർണ ലോക്ഡൗൺ

ഇളവുകൾ ശനി, ഞായർ ദിവസങ്ങളിൽ ബാധകമല്ല. ആ ദിവസങ്ങളിൽ സംസ്ഥാനമാകെ സമ്പൂർണ ലോക്ഡൗൺ ആയിരിക്കും.