പയ്യന്നൂർ: പെരിയ കേന്ദ്രസർവകലാശാലയിലെ നിയമനത്തിൽ അപാകമെന്ന് പരാതി. സർവകലാശാലയിലെ സെക്യൂരിറ്റി ഓഫീസർ തസ്തികയിൽ അയോഗ്യനായ വ്യക്തിക്ക്‌ നിയമനം നൽകിയതായി ചൂണ്ടിക്കാണിച്ച് മറ്റ് ഉദ്യോഗാർഥികൾ കോടതിയിൽ ഹർജി നൽകി. കൃത്യമായ യോഗ്യതകൾ ഉണ്ടായിരുന്നവരെ തഴയുകയായിരുന്നെന്നും ഹർജിയിൽ വാദിക്കുന്നു. റാങ്ക് ലിസ്റ്റിലുള്ള ആദ്യത്തെയാളെ തന്നെയാണ് നിയമിച്ചതെങ്കിലും ഇയാൾക്ക് മതിയായ യോഗ്യതകളില്ലെന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്.

2019-ലാണ് ഒഴിവുള്ള ഏക സെക്യൂരിറ്റി ഓഫീസർ തസ്തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചത്. ബാച്ചിലർ ഡിഗ്രിയും ഈ രംഗത്തെ അഞ്ചുവർഷത്തെ പ്രവർത്തനപരിചയവുമാണ് യോഗ്യത. അല്ലെങ്കിൽ ജെ.സി.ഒ. ലെവലിൽ കുറയാത്ത വിരമിച്ച സൈനികർക്കും അപേക്ഷിക്കാമായിരുന്നു. പരീക്ഷകളുടെയും സ്‌കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരുന്നു നിയമനം.

ഐ.ബി.പി.എസാണ് പരീക്ഷകൾ നടത്തിയതെങ്കിലും സർവകലാശാലയാണ് ഫലം പ്രഖ്യാപിച്ചത്. രണ്ടാംഘട്ട പരീക്ഷകഴിഞ്ഞ് അഞ്ചുപേരെയാണ് സ്‌കിൽ ടെസ്റ്റിനായി തിരഞ്ഞെടുത്തത്. അപേക്ഷയുടെ ഘട്ടത്തിൽ യോഗ്യതാരേഖകൾ ആവശ്യപ്പെടാതെ സ്‌കിൽ ടെസ്റ്റിന്റെ സമയത്ത് മാത്രമാണ് രേഖകൾ പരിശോധിച്ചതെന്ന് ഉദ്യോഗാർഥികൾ പറയുന്നു.

റഗുലേറ്റിങ് പിറ്റി ഓഫീസറുടെ തസ്തികയിൽനിന്ന്‌ വിരമിച്ചയാളെയാണ് ജൂനിയർ കമ്മിഷൻഡ് ഓഫീസർക്ക് തുല്യമായ യോഗ്യതകളുള്ള തസ്തികയിൽ നിയമിച്ചത്. ഇത് തുല്യയോഗ്യതകളല്ല. അതോടൊപ്പം സെക്യൂരിറ്റി ഓഫീസർ തസ്തികയിൽ നിയമിതനായയാൾ 2017-ൽ ഡിഗ്രി നേടിയതും 2018-ൽ നാവികസേനയിൽനിന്ന്‌ വിരമിച്ചയാളുമാണ്. സൈന്യത്തിൽനിന്ന്‌ വിരമിച്ചവർക്കുള്ള പ്രായപരിധിയിലെ ഇളവ് മാത്രമാണ് നിയമിതനായ വ്യക്തിക്കുള്ള യോഗ്യതയെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.