പൊയിനാച്ചി: കോവിഡ് രണ്ടാംതരംഗം പിന്നിടുമ്പോൾ സംസ്ഥാനത്ത് അഭ്യസ്തവിദ്യരായ തൊഴിൽരഹിതരുടെ എണ്ണത്തിൽ വർധനയുണ്ടായതായി തൊഴിൽവകുപ്പിന്റെ വിലയിരുത്തൽ. സംഘടിത-അസംഘടിത മേഖലകളിലാണ് കൂടുതൽ തൊഴിൽ നഷ്ടമുണ്ടായത്. വിദേശരാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും ജോലിചെയ്ത ലക്ഷക്കണക്കിനാളുകൾ മഹാമാരിമൂലം തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചുവന്നു. വിദ്യാഭ്യാസസ്ഥാപനങ്ങൾ പ്രവർത്തിക്കാത്തത് അവസരങ്ങൾക്ക് തിരിച്ചടിയായി. തൊഴിൽവകുപ്പിന്റെ കണക്കുപ്രകാരം ലോക്‌ഡൗണിലേക്ക് കടന്ന 2020 മാർച്ചിൽ വിവിധ എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ചുകളിലായി 34.24 ലക്ഷം ഉദ്യോഗാർഥികളാണ് പേര് രജിസ്റ്റർചെയ്തിരുന്നത്. കോവിഡിന്റെ രണ്ടാംതരംഗം പിന്നിടുമ്പോൾ 2021 മേയ് 31-ലെ കണക്കുപ്രകാരം ഇത് 37.71 ആണ്. 3.47 ലക്ഷം തൊഴിൽ രഹിതരുടെ വർധന.

കഴിഞ്ഞവർഷം മാർച്ചിൽ കേരളത്തിന്റെ ജനസംഖ്യയുടെ 10 ശതമാനമായിരുന്നു തൊഴിലില്ലായ്മാനിരക്ക്. കോവിഡിനുശേഷം 2021 മേയിൽ ഇത് 11 ആയി. കേന്ദ്രസർക്കാറിന് കീഴിലുള്ള സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ പീരിയോഡിക് ലേബർ ഫോഴ്സ് സർവേ (പി.എൽ.എഫ്.എസ്.) പ്രകാരം കോവിഡ് വ്യാപനം രൂക്ഷമാകുംമുൻപ് രാജ്യത്തെ തൊഴിലില്ലായ്മാനിരക്ക് 9.1 ശതമാനവും കേരളത്തിലേത് 16.3-ഉം ആയിരുന്നു. മഹാമാരി രൂക്ഷമായ 2020 ജൂണിലെ കണക്കുപ്രകാരം രാജ്യത്തെ തൊഴിലില്ലായ്മാനിരക്ക് 20.8-ഉം കേരളത്തിലേത് 27.3-ഉം ശതമാനമായി ഉയർന്നിരുന്നു.

പ്രവാസികൾക്ക്‌ മുൻഗണന

ജോലി നഷ്ടപ്പെട്ട പ്രവാസികളുടെ കാര്യത്തിൽ നോർക്കയുടെ നീക്കം ചില പ്രതീക്ഷകൾ നൽകുന്നുണ്ട്. ഇവർക്ക് പ്രത്യേക പാക്കേജാണ് സർക്കാർ ലക്ഷ്യമിടുന്നത്. തൊഴിൽ നഷ്ടപ്പെട്ട് തിരികെയെത്തിയ വിദഗ്ധ-അവിദഗ്ധ പ്രവാസികളെയും തൊഴിലന്വേഷകരെയും ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള തൊഴിൽദാതാക്കളുമായി ബന്ധിപ്പിക്കാൻ നോർക്ക സ്കിൽ റിപ്പോസിറ്ററി പോർട്ടൽ രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. നിലവിൽ ഒഡെപെക് നടത്തുന്നതും ഭാവിയിൽ ഉണ്ടാകുന്നതുമായ വിദേശ നിയമനങ്ങൾക്ക് വിദേശത്തുനിന്ന് തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവരുന്നവർക്ക് മുൻഗണന നൽകാനാണ് തീരുമാനം. ഒഡെപെക്കിന്റെ വിദേശ നിയമനങ്ങളിൽ കൂടുതലും നഴ്സുമാരുടെ ഒഴിവുകളിലാണ്. എന്നാൽ, ഈ വിഭാഗത്തിന് കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടിട്ടില്ല. ലോക്‌ഡൗണും വിദേശ വിമാനയാത്രാവിലക്കും നീങ്ങുന്നതോടെ വിദേശ തൊഴിൽദാതാക്കളുമായി കൂടിക്കാഴ്ച നടത്തി ഒഡെപെക് മുഖേനയുള്ള വിദേശ റിക്രൂട്ട്മെൻറ്്‌ വർധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. നാഷണൽ എംപ്ലോയ്‌മെൻറ്്‌ സർവീസ് (കേരളം) വകുപ്പിൽ രൂപവത്കരിച്ച എംപ്ലോയ്‌ബിലിറ്റി സെൻററുകളിലും ഉദ്യോഗാർഥികൾക്ക് തൊഴിലവസരങ്ങൾക്ക് രജിസ്റ്റർചെയ്യാം.