തിരുവനന്തപുരം: പ്രവേശനപരീക്ഷയുടെ മാർക്കുമാത്രം പരിഗണിച്ച് ഇക്കൊല്ലത്തെ എൻജിനിയറിങ് പ്രവേശനത്തിനുള്ള റാങ്ക്പട്ടിക തയ്യാറാക്കാൻ തത്ത്വത്തിൽ തീരുമാനമായതായി ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു. സി.ബി.എസ്.ഇ. ഉൾപ്പെടെയുള്ളവർ പ്ലസ്ടു പരീക്ഷ വേണ്ടെന്നുെവച്ച സാഹചര്യത്തിലാണിത്. ഒരുവർഷത്തേക്കുമാത്രമായിരിക്കും ഈ നടപടി. അന്തിമതീരുമാനത്തിനായി ഫയൽ മുഖ്യമന്ത്രിയുടെ അടുത്താണെന്നും മന്ത്രി അറിയിച്ചു.

സാധാരണ, പ്ലസ് ടുവിന്റെ മൂന്ന് സയൻസ് വിഷയങ്ങളുടെ മാർക്കും പ്രവേശനപരീക്ഷയുടെ മാർക്കും കണക്കിലെടുത്താണ് എൻജിനിയറിങ് റാങ്ക് പട്ടിക തയ്യാറാക്കുക. പ്രവേശനപരീക്ഷയുടെമാത്രം മാർക്ക് കണക്കിലെടുത്താണ് റാങ്ക് പട്ടിക തയ്യാറാക്കുന്നതെങ്കിൽ നിലവിൽ പുറത്തിറക്കിയ പ്രോസ്‌പെക്ടസ് പുതുക്കേണ്ടിവരും. നിലവിലുള്ളതിൽ റാങ്ക് പട്ടിക തയ്യാറാക്കുന്ന വിധം പഴയ രീതിയിലാണെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

പ്രോസ്‌പെക്ടസിൽ മാറ്റംവരുത്താൻ സർക്കാർ പുതിയ വിജ്ഞാപനം പുറപ്പെടുവിക്കണം. ജൂലായ് 24-നാണ് എൻജിനിയറിങ് പ്രവേശനപരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.