തിരുവനന്തപുരം: കൊടകര, മഞ്ചേശ്വരം കേസുകൾ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി സി.പി.എം. കെട്ടിച്ചമച്ചതാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. എഫ്.ഐ.ആർ. രജിസ്റ്റർചെയ്യാതെ ബി.ജെ.പി. നേതാക്കളെ ചോദ്യംചെയ്യാൻ വിളിച്ചുവരുത്തി ആക്ഷേപിക്കുകയാണ്. കെ. സുന്ദര തന്റെ അപരനല്ല, ബി.എസ്.പി.യുടെ സ്ഥാനാർഥിയാണ്. നാമനിർദേശപത്രിക പിൻവലിക്കാൻ താൻ കൈക്കൂലി നൽകിയെന്നാണ് പറയുന്നത്.

കൈക്കൂലിക്കേസിൽ പണം കൊടുത്തയാളും വാങ്ങിയ ആളും കുറ്റക്കാരാണ്. എന്നാൽ, സുന്ദരയുടെ പേരിൽ കേസെടുത്തിട്ടില്ല. താൻ സുന്ദരയെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെങ്കിൽ അദ്ദേഹമല്ലേ പരാതി നൽകേണ്ടത്. എന്നാൽ, സി.പി.എം. നേതാവാണ് പരാതി നൽകിയത്. സി.പി.എമ്മിന്റെ രാഷ്ട്രീയവേട്ടയുടെ ഭാഗമാണിത്. മുഖ്യമന്ത്രിക്കെതിരേ എ.എൻ. രാധാകൃഷ്ണൻ നടത്തിയ പ്രസ്താവന പ്രവർത്തകന്റെ വികാരപ്രകടനമായിമാത്രം കണ്ടാൽ മതിയെന്നും സുരേന്ദ്രൻ പറഞ്ഞു.