തിരുവനന്തപുരം: സ്ഥാനമാനങ്ങളുടെ പിറകേ പോകാതെ പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രവർത്തകരും നേതാക്കളും ശ്രമിച്ചാൽ കോൺഗ്രസിനെ ശക്തമായി തിരിച്ചുകൊണ്ടുവരാനാകുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ. കെ.പി.സി.സി. ഓഫീസിൽനടന്ന സ്ഥാനമേൽക്കൽ ചടങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിലെ പ്രധാന നേതാക്കളെല്ലാം ചടങ്ങിനെത്തിയിരുന്നു. വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, പി.ടി. തോമസ്, ടി. സിദ്ദിഖ് എന്നിവരും സ്ഥാനമേറ്റു.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പാകുമ്പോൾ കോൺഗ്രസ് പഴയ ശക്തിയോടെ വരണം. ഇതൊരു പ്രതിജ്ഞയാണ്. അതിന് സ്ഥാനമാനങ്ങൾ നോക്കാതെ പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കണം. താഴെത്തട്ടിൽ ശക്തമായ പ്രവർത്തനം ഇതിനാവശ്യമാണ്.

സി.പി.എമ്മിന് കോൺഗ്രസിനെ ഭയമാണ്. പുതിയ കെ.പി.സി.സി. പ്രസിഡന്റിനെ ബി.ജെ.പി.ക്കാരനെന്നു മുദ്രകുത്തി ഇല്ലാതാക്കാൻ ശ്രമിച്ചാൽ നടക്കില്ല. പിണറായി വിജയനാണോ താനാണോ ആർ.എസ്.എസ്. എന്ന് ജനം തീരുമാനിക്കും. ആർ.എസ്.എസിന്റെ വോട്ടുവാങ്ങി എം.എൽ.എ.യായ പിണറായി വിജയൻ, തന്നെ വിമർശിക്കാൻ വളർന്നിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.

ഗാന്ധിപ്രതിമയിലും രക്തസാക്ഷിമണ്ഡപത്തിലും പുഷ്പാർച്ചന നടത്തിയാണ് സുധാകരൻ ഇന്ദിരാഭവനിലെത്തിയത്. മുദ്രാവാക്യങ്ങളോടെ പ്രവർത്തകർ സ്വീകരിച്ചു. സേവാദൾ പ്രവർത്തകരുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. പതാക ഉയർത്തി. തുടർന്നുനടന്ന ചടങ്ങിൽ, സ്ഥാനമൊഴിയുന്ന കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രജിസ്റ്റർ നൽകി സ്ഥാനം കൈമാറി.

എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസൻ, കെ. മുരളീധരൻ, എ.ഐ.സി.സി. സെക്രട്ടറിമാരായ പി. വിശ്വനാഥൻ, ഐവ ഡിസൂസ, പി.വി. മോഹനൻ എന്നിവർ പങ്കെടുത്തു.