മേലാറ്റൂർ: വിസ വാഗ്‌ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. പാണ്ടിക്കാട് വളരാട് അരിവായിൽ മുഹമ്മദ് യൂസുഫ് ഇസാമിനെ(20)യാണ് മേലാറ്റൂർ പോലീസ് അറസ്റ്റുചെയ്തത്.

2019-ലാണ് കേസിനാസ്‌പദമായ സംഭവം. പട്ടിക്കാട് ആസ്ഥാനമായുള്ള സൈൻ ട്രാവൽസിന്റെ മാനേജരായിരുന്ന മുഹമ്മദ് യൂസുഫ് ഇസാം വിദേശത്ത് ജോലി വാഗ്‌ദാനംചെയ്തും വിസ നൽകാമെന്നും പറഞ്ഞ് നൂറിലധികം ആളുകളിൽനിന്ന് മുപ്പതിനായിരവും നാൽപ്പതിനായിരവുമൊക്കെ പണമായി വാങ്ങിയിരുന്നു. വിസ നൽകാതെ മുങ്ങിയ ഇസാം രണ്ടുവർഷത്തോളമായി വയനാട്, അട്ടപ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽക്കഴിയുകയായിരുന്നു.

മാസങ്ങൾ കഴിഞ്ഞിട്ടും വിസയും പണവും കിട്ടാതായപ്പോഴാണ് തട്ടിപ്പിനിരയായെന്ന് പണം നൽകിയവർ മനസ്സിലാക്കിയത്. പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നു കേസുകളാണ് മേലാറ്റൂർ പേലീസ് രജിസ്റ്റർചെയ്തിരുന്നത്.

അന്വേഷണം നടക്കുന്നതിനിടെ, പ്രതി നാട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന്‌ ശനിയാഴ്ച പുലർച്ചെ രണ്ടോടെ വളരാട്ടെ വീട്ടിൽനിന്നാണ് മേലാറ്റൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. റഫീക്ക്, എസ്.ഐ കെ.സി. മത്തായി, സി.പി.ഒമാരായ ഷൈജു, രാജീഷ്, ഷമീർ, അംബിക എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റുചെയ്തത്.

പെരിന്തൽമണ്ണ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു. സംഭവത്തിൽ വെറേയും പ്രതികളുണ്ടെന്നും ഇവർക്കായി അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.