പനാജി: അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഗോവയിൽ തുടക്കം. ഡോ. ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കർ തിരിതെളിച്ചു. കോവിഡ് സൃഷ്ടിച്ച പ്രതിസസന്ധികളെ മറികടന്ന് മേള സാധ്യമാക്കാൻ പ്രവർത്തിച്ചവരെ അഭിനന്ദിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ഹൈബ്രിഡ് രീതി ഒരുപാട് മാറ്റങ്ങൾക്ക് തുടക്കമാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബംഗാളി നടനും സംവിധായകനുമായ ബിശ്വജിത്ത് ചാറ്റർജിയെ ‘ഇന്ത്യൻ പേഴ്‌സണാലിറ്റി ഓഫ് ദ ഇയർ’ ആയി തിരഞ്ഞെടുത്തുവെന്നു കേന്ദ്രമന്ത്രി പറഞ്ഞു. നടൻ കിച്ച സുദീപ് മുഖ്യതിഥിയായിരുന്നു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഫെസ്റ്റിവൽ ഡയറക്ടർ ചൈതന്യ പ്രസാദ്, നീരജ ശേഖർ, അമിത് ഖരെ, ജൂറി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പ്രശസ്ത ഇറ്റാലിയൻ ഛായാഗ്രാഹകൻ വിറ്റോറിയോ സ്റ്റൊറാറോയ്ക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നൽകി ആദരിച്ചു. വീഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം പങ്കെടുത്തത്. ഇന്ത്യയിൽനിന്നുള്ള സ്നേഹത്തിനും അംഗീകാരത്തിനും നന്ദി പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇക്കുറി 2500 പേർക്കുമാത്രമാണ് ഗോവയിലെ തിയേറ്ററുകളിലിരുന്ന് സിനിമ കാണാനാവുക. മറ്റുള്ളവർക്ക് ഓൺലൈനിലൂടെയും. മോഹൻലാൽ, അനുപം ഖേർ, വിദ്യാ ബാലൻ, രൺവീർ സിങ്, സിദ്ധാന്ത് ചതുർവേദി, അപർശക്തി ഖുറാന, അനിൽ കപൂർ, മാധുരി ദീക്ഷിത് എന്നിവർ ആശംസ നേർന്നു.
തോമസ് വിന്റേർ ബെർഗിന്റെ ഡാനിഷ് ചിത്രം ‘അനദർ റൗണ്ട്’ ആയിരുന്നു ഉദ്ഘാടന ചിത്രം. ചെൻ നിയെന്റെ തായ്വാൻ ചിത്രം ദി സൈലന്റ് ഫോറസ്റ്റ്, ആൻഡേഴ്സ് റഫിന്റെ ഡാനിഷ് ചിത്രം ഇൻ ടു ദി ഡാർക്നെസ് എന്നിവയാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ ഇന്നു പ്രദർശനത്തിനെത്തുന്നത്. ഇന്ത്യൻ പനോരമയിൽ നോൺ ഫീച്ചർ വിഭാഗത്തിൽ ശരൺ വേണുഗോപാലിന്റെ ‘ഒരു പാതിരാസ്വപ്നം പോലെ’ പ്രദർശിപ്പിക്കും.
സത്യജിത്ത് റായിയുടെ പഥേർ പാഞ്ചലി, ദാദാസാഹേബ് ഫാൽക്കേയുടെ രാജാ ഹരിശ്ചന്ദ്ര, ശ്രീകൃഷ്ണ ജന്മ എന്നീ ചിത്രങ്ങളാണ് റിട്രോസ്പെക്ടീവ് വിഭാഗത്തിൽ ഇന്ന് പ്രദർശിപ്പിക്കുക. ഹോമേജ് വിഭാഗത്തിൽ ഋഷി കപൂറിന്റെ ബോബി, കിർക്ക് ഡൗഗ്ലസിന്റെ പാത്ത്സ് ഓഫി ഗ്ലോറി തുടങ്ങിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും.