തിരുവനന്തപുരം: കേരളത്തിന്റെ സമഗ്രവിവരങ്ങൾ ഉൾക്കൊള്ളുന്ന ഡിജിറ്റൽ ഭൂപട നിർമാണപദ്ധതിയായ മാപ്പത്തോണിൽ ഇതുവരെ രേഖപ്പെടുത്തിയത് 3,08,600 കെട്ടിടങ്ങളും 56,714 കിലോമീറ്ററിലധികം റോഡ് ശൃംഖലയും. റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഭൂപടനിർമാണം പുരോഗമിക്കുകയാണ്.
പ്രളയത്തിനുശേഷമാണ് ഇതേക്കുറിച്ച് സംസ്ഥാനം ഗൗരവമായി ആലോചിച്ചത്. പ്രകൃതിദുരന്തങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ ഓരോ പ്രദേശത്തെയും റോഡുകളും കെട്ടിടങ്ങളും ജലാശയങ്ങളും രേഖപ്പെടുത്തേണ്ടതുണ്ടെന്ന തിരിച്ചറിവിലാണിത്. ഐ.ടി. മിഷനു കീഴിലുള്ള കേരള സ്റ്റേറ്റ് സ്പെഷ്യൽ ഡേറ്റാ ഇൻഫ്രാസ്ട്രക്ചറിന്റെ സഹായത്തോടെയാണ് ഹരിതകേരളം മിഷൻ ഭൂപട രേഖപ്പെടുത്തൽ നടത്തുന്നത്.
സന്നദ്ധസംഘടനകളുടെയും മറ്റും സഹായത്തോടെയാണ് വിവരശേഖരണം നടത്തുന്നത്. ഓരോ തദ്ദേശസ്വയംഭരണസ്ഥാപനപരിധിയിലും മാപ്പിങ് ഏജൻസികൾ സജ്ജമാക്കുക എന്നതും ലക്ഷ്യങ്ങളിലൊന്നാണ്. പ്രകൃതിദുരന്തം, കുടിവെള്ളക്ഷാമം, ഗതാഗതപ്രശ്നങ്ങൾ തുടങ്ങി ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവശ്യമായ പദ്ധതികൾ ആസൂത്രണംചെയ്യുന്നതിന് ഈ ഡിജിറ്റൽ ഭൂപടം പ്രയോജനപ്പെടുത്താനാകും. ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വേറാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം തയ്യാറാക്കിയത്.