കഴക്കൂട്ടം: മഹാകവി കുമാരനാശാൻ തോന്നയ്ക്കലിൽ താമസം തുടങ്ങിയതിന്റെ നൂറാം വാർഷികവേളയിൽ അദ്ദേഹത്തിന്റെ പൂർണകായ വെങ്കലപ്രതിമയുടെ അനാച്ഛാദനം നടന്നു. കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിറ്റ്യൂട്ടിൽ (ആശാൻ സ്മാരകത്തിൽ) സ്ഥാപിച്ചിട്ടുള്ള പ്രതിമ ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയനാണ് അനാച്ഛാദനം ചെയ്തത്. ഏഴര അടി ഉയരമുള്ള പ്രതിമയുടെ ശില്പി കാനായി കുഞ്ഞിരാമനാണ്. സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ അധ്യക്ഷതവഹിച്ചു. ചലച്ചിത്രസംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പ്രതിമയിൽ ആദ്യ പുഷ്പാർച്ചന നടത്തി. ഡെപ്യൂട്ടി സ്പീക്കർ വി. ശശി, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഹരിപ്രസാദ്, ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ കവി വി. മധുസൂദനൻ നായർ, പ്രൊഫ. എം.ആർ. സഹൃദയൻ തമ്പി, ജി. ഷൈനി, ഡോ. പി. വേണുഗോപാലൻ, ബി. വിമൽകുമാർ, മധു മുല്ലശ്ശേരി എന്നിവർ പങ്കെടുത്തു.