കൊല്ലം : സർവേയും ഭൂരേഖയും വകുപ്പിൽ ജില്ലാ ഓഫീസർമാരുടെ 11 ഒഴിവുകൾ വർഷങ്ങളായി നികത്താതെ കിടക്കുന്നു. സ്ഥാനക്കയറ്റത്തിലൂടെ ജില്ലാ ഓഫീസർമാരായ അസി. ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ ഒഴിവുകൾ നികത്തിയിരുന്നെങ്കിൽ സെക്കന്റ് ഗ്രേഡ് സർവെയർ പി.എസ്.സി. റാങ്ക് പട്ടികയിലുള്ളവർക്ക് സഹായകമായേനെ.

ഡെപ്യൂട്ടി ഡയറക്ടറുടെ അഞ്ചും അസി. ഡയറക്ടറുടെ ആറും തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. 2018-നുശേഷം സ്ഥാനക്കയറ്റം നൽകിയിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു. അന്ന് ഡെപ്യൂട്ടി ഡയറക്ടറുടെ എട്ട് ഒഴിവുള്ളപ്പോൾ നാലുപേരെയാണ് നിയമിച്ചത്. ഇതിലൊരാൾ ഉടൻതന്നെ വിരമിച്ചു. എന്നാൽ ഇവിടെയും പുതിയ നിയമനം ഉണ്ടായില്ല. ഇതോടെ അഞ്ച് ഒഴിവുകൾ നിലനിൽക്കുന്നുണ്ട്. 2017 മുതൽ അസി. ഡയറക്ടറുടെ രണ്ട് ഒഴിവുകളുണ്ട്. 2018-ൽ നാല് ഒഴിവുകൾകൂടി വന്നു. ഫെബ്രുവരി 27-ന് ഒരു അസി. ഡയറക്ടർ വിരമിക്കുകയാണ്. ഇതോ‍ടെ ആകെ ഒഴിവുകളുടെ എണ്ണം ഏഴാകും.

ദക്ഷിണ-ഉത്തര മേഖലകളിലേക്കുള്ള ഓരോ ജോയിന്റ് ഡയറക്ടർ തസ്തികയും അഡീഷണൽ ഡയറക്ടറുടെ ഒരു തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. 2018, 20 വർഷങ്ങളിലാണ് ജോയിന്റ് ഡയറക്ടർ തസ്തികയിൽ ഒഴിവുണ്ടായത്. 2020-ൽ അഡീഷണൽ ഡയറക്ടറുടെ ഒഴിവുണ്ടായി.

സർവേ സൂപ്രണ്ടുമാർക്ക് അർഹമായ സ്ഥാനക്കയറ്റം നൽകിയാൽ താഴെ ഒഴിവുവരുന്ന സർവെയർ തസ്തികയിൽ റാങ്ക് പട്ടികയിലുള്ളവർക്ക് നിയമനം കിട്ടും. സർവേയും ഭൂരേഖയും വകുപ്പിൽ അർഹമായ സ്ഥാനക്കയറ്റം കിട്ടുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി.