തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തിയിൽ വിനോദസഞ്ചാര വകുപ്പ് നിർമിച്ച ശ്രീനാരായണ ഗുരുകുലം കൺവെൻഷൻ സെൻററിന്റെ ഉദ്ഘാടനവും ഡിജിറ്റൽ മ്യൂസിയത്തിന്റെ നിർമാണോദ്ഘാടനവും മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ഗുരുകുലം സെക്രട്ടറി ശുഭാംഗാനന്ദ അധ്യക്ഷ്യനായി. സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ഋതംബരാനന്ദ, മേയർ ആര്യാ രാജേന്ദ്രൻ, കൗൺസിലർ ചെമ്പഴന്തി ഉദയൻ, ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ പി. ബാലകിരൺ എന്നിവർ പങ്കെടുത്തു.

ഒഡിഷയിലെ സ്തൂപക്ഷേത്ര മാതൃകയിൽ 9.9 കോടിയിൽ നിർമാണം

ഗുരുവിന്റെ ജന്മഗൃഹമായ വയൽവാരം വീടിനോട് ചേർന്നാണ് അത്യാധുനിക കൺവെൻഷൻ സെൻറർ ഒരുക്കിയിരിക്കുന്നത്. 9.9 കോടി ചെലവിൽ ഒഡിഷയിലെ സ്തൂപക്ഷേത്ര മാതൃകയിൽ രൂപകല്പന ചെയ്തിട്ടുള്ള കൺവെൻഷൻ സെൻററിന് രണ്ടു നിലകളുണ്ട്. മുകളിലത്തെ നിലയിലാണ് ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം അനാവരണം ചെയ്യുന്ന ഡിജിറ്റൽ മ്യൂസിയം നിർമിക്കുന്നത്. ഒമ്പത് കോടിയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്.