അങ്ങാടിപ്പുറം: തിരുമാന്ധാംകുന്നിലമ്മയുടെ കേശാദിപാദ വർണനയായ ഘനസംഘം മഞ്ചേരി ശൈലജ ബാലഗോപാലിന്റെ നേതൃത്വത്തിൽ ആലപിച്ച് 25-ാമത് ഞെരളത്ത് സംഗീതോതസവം സമാപിച്ചു.

രാവിലെ പത്തിന് ശ്രീശൈലം ഹാളിൽ ക്ഷേത്രം ട്രസ്റ്റി ശ്രീധരവർമ്മരാജ ദീപം കൊളുത്തി ആരംഭിച്ച സംഗീതോത്സവം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി ഉദ്ഘാടനംചെയ്തു. മലബാർദേവസ്വം ബോർഡംഗം എം. ശിവശങ്കരൻ അധ്യക്ഷത വഹിച്ചു.

സംഗീതകലാരംഗത്തെ സമഗ്ര സംഭാവനക്കായി ദേവസ്വം നൽകുന്ന മാന്ധാദ്രി പുരസ്കാരം കഥകളി സംഗീതജ്ഞൻ കോട്ടയ്ക്കൽ മധുവിന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി സമർപ്പിച്ചു. രാമപൊതുവാളിന്റെ പത്നി ലക്ഷ്മിക്കുട്ടി അമ്മയെ ചടങ്ങിൽ പൊന്നാടയണിയിച്ചു. മലബാർദേവസ്വം ബോർഡംഗം ഗീതാഭായ്, ദേവസ്വം എക്‌സി. ഓഫീസർ സി.സി. ദിനേശൻ, ഗാനരചയിതാവ് പി.സി. അരവിന്ദൻ, ഡോ. എൻ.പി. വിജയകൃഷ്ണൻ, മൃദംഗവിദ്വാൻ ഡോ. കുഴൽമന്ദം ജി. രാമകൃഷ്ണൻ, അസി. മാനേജർ എ.എൻ. ശിവപ്രസാദ് എന്നിവർ പ്രസംഗിച്ചു.

തുടർന്ന് പഞ്ചരത്നകീർത്തനാലാപനം നടന്നു. അഞ്ച്് ദിവസങ്ങളിലായി നടത്തി വരാറുള്ള സംഗീതോത്സവം കോവിഡ് പശ്ചാത്തലത്തിൽ ഒരു ദിവസമായി ചുരുക്കിയാണ് ആഘോഷിച്ചത്.