തിരുവനന്തപുരം: പ്രാഥമിക സഹകരണസംഘങ്ങൾ, ബാങ്കുകൾ, അർബൻ സഹകരണ ബാങ്കുകൾ, മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, മാർക്കറ്റ് ഫെഡ് എന്നിവയിലെ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ച് ഉത്തരവിറങ്ങിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. 2019 ഏപ്രിൽ ഒന്നുമുതൽ പ്രാബല്യമുണ്ടാവും.

അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേർന്ന തുകയുടെ ഏഴുശതമാനമാണ് ഫിറ്റ്‌മെന്റ് ആനുകൂല്യം. പൂർത്തിയാക്കിയ ഓരോ വർഷത്തിനും അര ശതമാനം സർവീസ് വെയ്റ്റേജ് ലഭിക്കും. 2019 ജനുവരി ഒന്നുമുതൽ സർക്കാർ ജീവനക്കാർക്ക് അനുവദിച്ച ക്ഷാമബത്ത സഹകരണ സംഘം ജീവനക്കാർക്കും ലഭിക്കും. വീട്ടുവാടക പത്തുശതമാനമായിരിക്കും. പരമാവധി 2500 രൂപ. മെഡിക്കൽ അലവൻസായി വർഷം നാലായിരം രൂപ നൽകും.

പ്രവർത്തനക്ഷമമല്ലാത്തതും സാമ്പത്തിക ഭദ്രതയില്ലാത്തതുമായ സംഘങ്ങൾക്ക് ശമ്പളപരിഷ്കരണത്തിൽനിന്നു വിട്ടുനിൽക്കാൻ രജിസ്ട്രാർക്ക് അപേക്ഷ നൽകാം. സ്ഥിതി ബോധ്യപ്പെട്ടാൽ രജിസ്ട്രാർക്ക് നിശ്ചിതകാലത്തേക്ക് ഒഴിവുനൽകാം.