തിരുവനന്തപുരം: മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് മൂന്നിലൊന്നു കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിപ്പോർട്ടിങ്ങിന്റെ കാര്യക്ഷമതയും ആരോഗ്യസംവിധാനത്തിന്റെ മികവുമാണ് ഇതു ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്നുവെന്ന തോന്നലുണ്ടാകുന്നതും ഇതിനാലാണ്.

പഠനമനുസരിച്ച് ഇന്ത്യയിൽ 21 കേസുണ്ടാകുമ്പോൾ ഒരു കേസാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യുന്നത്. കർണാടകയിൽ 27 കേസ് ഉണ്ടാകുമ്പോഴും തമിഴ്‌നാട്ടിൽ 24 കേസുണ്ടാകുമ്പോഴുമാണ്‌ ഒരു കേസ് റിപ്പോർട്ട് ചെയ്യുന്നത്. നമ്മളേക്കാൾ എത്രയോ മടങ്ങ് സമ്പന്നരും കൂടുതൽ മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങളുമുള്ള പല വികസിത രാജ്യങ്ങളെക്കാളും മെച്ചപ്പെട്ട രീതിയിൽ മരണത്തെ തടുത്തുനിർത്താൻ നമുക്കു കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.