തിരുവനന്തപുരം: പി.എസ്.സി. ഉദ്യോഗാർഥികളുടെയും യൂത്ത് കോൺഗ്രസിന്റെയും സമരത്തിനെതിരേ രംഗത്തെത്തിയ സി.പി.എം. സെക്രട്ടറി എ. വിജയരാഘവന് മറുപടിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എ. വർഗീയത പറയുന്ന തിരക്കിനിടയിൽനിന്ന് കഷ്ടപ്പെട്ട് സമയമുണ്ടാക്കി വിജയരാഘവൻ യൂത്ത് കോൺഗ്രസിനെ ഉപദേശിക്കേണ്ടെന്നും, തൊഴിലിനായി പോരാടുന്ന യുവജനങ്ങളോട് ചർച്ച നടത്താൻ ആർജവമില്ലാത്ത മന്ത്രിമാരെ ഉപദേശിച്ചാൽ മതിയെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.

‘മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഇവരിലൊരാൾക്കും തെരുവിൽകിടക്കുന്ന റാങ്ക്പട്ടികയിലെ ഈ ചെറുപ്പക്കാരോട് ഒരുചർച്ച നടത്താൻ സമയമില്ല. അതല്ല പേഴ്‌സണൽ സ്റ്റാഫോണോ കേരളം ഭരിക്കുന്നത്. എന്നിട്ട് മന്ത്രിമാർ ചോദിക്കുന്നു എന്തിനാണ് സമരമെന്ന്. ഈ ഉദ്യോഗാർഥികളോടൊന്ന് സംസാരിച്ചാലറിയാം എന്തിനാ സമരമെന്ന്’ - കുറിപ്പിൽ പറയുന്നു.