തിരുവനന്തപുരം: സെക്രട്ടേറിയറ്റിനുമുന്നിൽ സമരംനടത്തുന്ന ഉദ്യോഗാർഥികൾക്ക് പിന്തുണയർപ്പിച്ച് ചൊവ്വാഴ്ച വിവിധ യുവജനസംഘടനകൾ തലസ്ഥാനത്ത് നടത്തിയ മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിനുമുന്നിലും കെ.എസ്.യു. പ്രവർത്തകർ പി.എസ്.സി. ആസ്ഥാനത്തിനുമുന്നിലുമാണ്‌ പ്രതിഷേധപ്രകടനം നടത്തിയത്. യുവമോർച്ചയുടെ പ്രകടനത്തിനുനേരെ പോലീസ് ഏഴുതവണ ജലപീരങ്കി പ്രയോഗിച്ചു. ഗ്രനേഡ് പ്രയോഗത്തിൽ യുവമോർച്ച തിരുവനന്തപുരം ജില്ലാപ്രസിഡന്റ് ആർ.സജിത്ത് ഉൾപ്പെടെ മൂന്നുപ്രവർത്തകർക്ക് പരിക്കേറ്റു. സംസ്ഥാനാധ്യക്ഷൻ പ്രഫുൽ കൃഷ്ണ മാർച്ച് ഉദ്ഘാടനംചെയ്തു. പ്രവർത്തകർ സെക്രട്ടേറിയറ്റിനുമുന്നിലെ ബാരിക്കേഡ്‌ മറികടക്കാൻ ശ്രമംനടത്തിയതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. അഞ്ചുതവണ ഗ്രനേഡും പ്രയോഗിച്ചു.

കൊല്ലത്തുനിന്നെത്തിയ പ്രവർത്തകരുടെ ബൈക്ക്‌റാലിക്കുശേഷം സെക്രട്ടേറിയറ്റിനുമുന്നിൽ പ്രകടനവുമായി യൂത്ത്‌കോൺഗ്രസ് പ്രവർത്തകർ എത്തിയതോടെ വീണ്ടും സംഘർഷമാരംഭിച്ചു. ബാരിക്കേഡ് മറിച്ചിടാനും സെക്രട്ടേറിയറ്റിനുള്ളിലേക്ക് തള്ളിക്കയറാനും ശ്രമിച്ചതോടെ രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ചും റാങ്ക് പട്ടികയിലുള്ളവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കെ.എസ്.യു. ജില്ലാകമ്മറ്റി പട്ടം പി.എസ്.സി. ആസ്ഥാനത്തേക്കുനടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. മാർച്ച് ഓഫീസിനുമുന്നിൽ പോലീസ് തടഞ്ഞു. പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചതോടെ ലാത്തിവീശി. ജില്ലാസെക്രട്ടറി ആത്തിഫിന് തലയ്ക്ക് പരിക്കേറ്റു. പി.എസ്.സി. ആസ്ഥാനത്തിനുമുന്നിൽ പ്രവർത്തകർ റീത്തുവെച്ചു. പിന്നാലെ മതിലിനുമുകളിൽ കയറി മുദ്രാവാക്യം വിളിച്ച് കരിങ്കൊടി ഉയർത്തി. റോഡിൽക്കിടന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി. മാർച്ച് ഡി.സി.സി. ജനറൽ സെക്രട്ടറി മനേഷ് രാജ് ഉദ്ഘാടനംചെയ്തു. ജില്ലാപ്രസിഡന്റ് സെയ്താലി കായ്പാടി അധ്യക്ഷനായി.