തിരുവനന്തപുരം: സർക്കാർ സർവീസിലെ വിവിധ വകുപ്പുകളിൽ നൈറ്റ് വാച്ചർ/നൈറ്റ് വാച്ച്മാൻ തസ്തികയിലുള്ളവരുടെ ജോലിസമയം സംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ മുന്നിൽ. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിൽ 2017-ൽ ആരംഭിച്ച ഫയലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിലെത്തിയത്.

സെക്രട്ടേറിയറ്റിന് മുന്നിൽ സമരത്തിലിരിക്കുന്ന ലാസ്റ്റ് ഗ്രേഡ് സർവന്റ്‌സ് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്ന പ്രധാന കാര്യങ്ങളിലൊന്ന്‌ വാച്ച്മാൻമാരുടെ ജോലിസമയം ലഘൂകരിക്കണമെന്നാണ്. നിലവിലെ 16 മണിക്കൂർ ജോലിസമയം എട്ടുമണിക്കൂറാക്കി കുറച്ച്, റാങ്ക്പട്ടികയിൽനിന്ന്‌ നിയമനം നടത്തണമെന്നും സമരംനടത്തുന്ന ഉദ്യോഗാർഥികൾ പറയുന്നു. നൈറ്റ് വാച്ച്മാൻമാരുടെ ജോലിസമയം എട്ടുമണിക്കൂറാക്കി കുറയ്ക്കാൻ മാർച്ച് 31-ന് മുൻപ് നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ കഴിഞ്ഞ ഡിസംബറിൽ ഉത്തരവിട്ടിരുന്നു. നിലവിലെ വാച്ച്മാൻമാരുടെ പരാതിയെത്തുടർന്നായിരുന്നു ഉത്തരവ്. പട്ടികവർഗ-വകുപ്പിലെ വാച്ച്മാൻമാരുടെ ജോലിസമയം എട്ടുമണിക്കൂറാക്കി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലും 2017-ൽ ഉത്തരവിറക്കിയിരുന്നു. അന്ന് 104 പേരെ താത്കാലികമായി നിയമിക്കുകയും, ഇവ തസ്തികകളാക്കി മാറ്റി സ്ഥിരനിയമനം നടത്തുമെന്ന് അറിയിച്ചെങ്കിലുംപിന്നീട് ഒന്നും നടന്നില്ല.

പ്രധാന ആവശ്യങ്ങളിലൊന്ന്

പുതിയ നൈറ്റ് വാച്ച്മാൻ തസ്തികകൾ സൃഷ്ടിച്ച് എൽ.ജി.എസ്. (വേരിയസ്) റാങ്ക് പട്ടികയിൽനിന്ന്‌ നിയമനം നടത്താമെന്ന് രേഖാമൂലം ഉറപ്പുലഭിച്ചാൽ സമരംനിർത്തും. ജോലിസമയം കുറയ്ക്കുമ്പോൾ അവിടെ താത്കാലികക്കാരെ നിയമിക്കാൻ ശ്രമംനടക്കുന്നതായും വിവരമുണ്ട്.-ലയ രാജേഷ്, എൽ.ജി.എസ്. ഉദ്യോഗാർഥി പ്രതിനിധി