തിരുവനന്തപുരം: സർവകലാശാലാചട്ടങ്ങളും സുപ്രീംകോടതിവിധിയും മറികടന്ന് കോളേജ് അധ്യാപക നിയമനം അംഗീകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീൽ നിർദേശം നൽകിയെന്ന് ആക്ഷേപം. ചട്ടവിരുദ്ധമായി കോളേജ് അധ്യാപക നിയമനത്തിന് അംഗീകാരംനൽകാൻ കേരള സർവകലാശാലാ വൈസ് ചാൻസലർക്ക് മന്ത്രി നിർദേശം നൽകിയത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.

തുമ്പ സെയ്ന്റ് സേവിയേഴ്‌സ് കോളേജിലെ ലാറ്റിൻഭാഷ അധ്യാപകനും പ്രിൻസിപ്പലുമായ ഡോ. ഫാ. വി.വൈ. ദാസപ്പനെയാണ് ചട്ടവിരുദ്ധമായി ഇംഗ്ലീഷ് അധ്യാപകനായി മാറ്റിനിയമിക്കുന്നതിന് അനുമതിനൽകാൻ കേരള സർവകലാശാലയ്ക്കും വിദ്യാഭ്യാസ ഡയറക്ടർക്കും മന്ത്രി നിർദേശം നൽകിയത്. യു.ജി.സി. ചട്ടപ്രകാരമുള്ള സെലക്‌ഷൻ കമ്മിറ്റിയിലൂടെ ഒരുവിഷയത്തിൽ നിയമിക്കുന്ന അധ്യാപകനെ മറ്റൊരു വിഷയത്തിലേക്ക് മാറ്റിനിയമിക്കാൻ പാടില്ലെന്ന് സർവകലാശാലാചട്ടം അനുശാസിക്കുന്നു. ഇത് സംബന്ധിച്ച സുപ്രീംകോടതി വിധികൂടി ചൂണ്ടിക്കാട്ടി സർവകലാശാല തള്ളിക്കളഞ്ഞ അപേക്ഷ പുനഃപരിശോധിക്കാനാണ് മന്ത്രി ഇപ്പോൾ വൈസ് ചാൻസലർക്ക് നിർദേശം നൽകിയതെന്നാണ് ആരോപണം.

സർവകലാശാലയുടെയും കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും ഉദ്യോഗസ്ഥരുടെ യോഗം ചേംബറിൽ വിളിച്ചാണ് മന്ത്രി നിർദേശം നൽകിയത്. അപേക്ഷകനായ പ്രിൻസിപ്പലിന്റെകൂടി സാന്നിധ്യത്തിലായിരുന്നു ഉന്നതതലയോഗം. യോഗ മിനുട്‌സിൽ അപേക്ഷകനും ഒപ്പുവച്ചിട്ടുണ്ട്. ചട്ടപ്രകാരം സർവകലാശാല തള്ളിക്കളഞ്ഞ അപേക്ഷ മന്ത്രിയുടെ നിർദേശപ്രകാരം പുനഃപരിശോധിക്കുന്നതിന് ബുധനാഴ്ച കൂടുന്ന സിൻഡിക്കേറ്റിന്റെ പരിഗണനയ്ക്ക് വൈസ് ചാൻസലർ സമർപ്പിച്ചിട്ടുണ്ട്.