തിരുവനന്തപുരം: സി-ഡിറ്റിൽനിന്ന്‌ കരാറടിസ്ഥാനത്തിൽ മോട്ടോർവാഹനവകുപ്പിൽ ജോലിചെയ്യുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്താൻ കാലഹരണപ്പെട്ട ഫെസിലിറ്റി മാനേജ്‌മെന്റ് പദ്ധതി നീട്ടുന്നു. ഡ്രൈവിങ് ലെസൻസ്, വാഹനരേഖകൾ എന്നിവയുടെ അച്ചടിസാധനങ്ങളുടെ വിതരണവും ഓഫീസ് കംപ്യൂട്ടറുകളുടെ പരിപാലനച്ചുമതലയും മോട്ടോർവാഹനവകുപ്പ് സി-ഡിറ്റിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.

കരാറിന്റെ മറവിൽ 2010-ൽ മോട്ടോർവാഹനവകുപ്പ് ഓഫീസുകളിൽ എത്തിയ ജീവനക്കാരെ നിലനിർത്തി സ്ഥിരപ്പെടുത്താനാണ് പദ്ധതി നീട്ടുന്നത്. കേന്ദ്രസർക്കാരിന്റെ വാഹൻ-സാരഥി വെബ് സംവിധാനത്തിലേക്ക് മാറിയതോടെ പദ്ധതി അപ്രസക്തമായിരുന്നു. ഓഫീസുകളിൽ സർവറുകളോ, നെറ്റ്‌വർക്ക് സംവിധാനമോ ആവശ്യമില്ല. വെബ് അധിഷ്ഠിതമായതിനാൽ ഇന്റർനെറ്റ് സംവിധാനമുള്ള കംപ്യൂട്ടറുകളിൽനിന്ന്‌ ഉദ്യോഗസ്ഥർക്ക് വാഹൻ-സാരഥിയിൽ പ്രവേശിച്ച് ജോലി ചെയ്യാനാകും.

വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും, ഡ്രൈവിങ് ലൈസൻസും കേന്ദ്രീകൃതവിതരണസംവിധാനത്തിലേക്ക് മാറ്റാനും തീരുമാനിച്ചിരുന്നു. കേരള ബുക്സ് ആൻഡ് പബ്ലിഷിങ് സൊസൈറ്റിക്കാണ് കരാർ. ഇത് നടപ്പാക്കിയാൽ ഓഫീസുകളിൽ നിയോഗിച്ചിട്ടുള്ള കരാർജീവനക്കാരുടെ ആവശ്യമില്ലാതാകും. 85 ഓഫീസുകളിലായി സി-ഡിറ്റിന്റെ 110 കരാർജീവനക്കാരാണുള്ളത്. സെർവർ ആവശ്യമുള്ള സ്മാർട്ട്മൂവ് ഉപേക്ഷിച്ചിട്ടും ഇതിന്റെ പരിപാലനച്ചുമതലയ്ക്ക് നിയോഗിച്ചുള്ളവരെ മോട്ടോർവാഹനവകുപ്പ് ഒഴിവാക്കിയിട്ടില്ല. ഉന്നതതലസമ്മർദമാണ് ഇതിനുകാരണം. ഒരുവർഷംകൂടി കരാർ നീട്ടിയാൽ പലർക്കും സ്ഥിരപ്പെടുത്തലിന് വഴിയൊരുങ്ങും.

ജോലിഭാരം കണക്കിലെടുത്ത് മിനിസ്റ്റീരിയൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കണമെന്ന ശുപാർശയും കരാർജീവനക്കാരെ സംരക്ഷിക്കുന്നതിന്റെ മറവിൽ നടപ്പാക്കിയിട്ടില്ല. തസ്തികകൾ വർധിപ്പിച്ചാൽ റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കും. ആർ.സി., ഡ്രൈവിങ് ലൈസൻസ് വിതരണം കൈമാറുന്നത് തടയാനുള്ള നീക്കവും സജീവമാണ്.