തിരുവനന്തപുരം: റീബിൽഡ് കേരളയുടെ ഭാഗമായുള്ള നിർമാണപ്രവർത്തനങ്ങളിൽ വൻതോതിൽ പുനരധിവാസം ആവശ്യമായ റോഡ് നിർമാണം അടക്കമുള്ള പദ്ധതികൾ ഒഴിവാക്കും. ഗോത്രവർഗ വാസസ്ഥലങ്ങളെ ബാധിക്കാത്ത നിർമാണങ്ങളാവും പരിഗണിക്കുകയെന്നും റീബിൽഡ് കേരളയുടെ പാരിസ്ഥിതിക, സാമൂഹിക കരട് റിപ്പോർട്ട് വ്യക്തമാക്കുന്നു.

പമ്പാനദീതട പ്രദേശങ്ങൾക്ക് ഊന്നൽ നൽകി കാലാവസ്ഥാവ്യതിയാനം, പ്രകൃതിദുരന്തം, പകർച്ചവ്യാധികൾ എന്നിവയ്ക്കെതിരായ പ്രതിരോധവും അതിജീവനവും ശക്തിപ്പെടുത്താനുള്ള പദ്ധതികളാണ് ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തുടനീളം അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള മാസ്റ്റർപ്ലാനിങ്ങിനും നടപ്പാക്കലിനുമുള്ള സംവിധാനങ്ങളൊരുക്കും. പമ്പാനദീതടത്തിലെ നഗരങ്ങളിലും മറ്റും പൈലറ്റ് റിസ്‌ക് അടിസ്ഥാനമാക്കിയുള്ള അർബൻ മാസ്റ്റർപ്ലാനുകൾ സ്ഥാപിക്കുമെന്നതടക്കമുള്ള നിർദേശങ്ങളും കരടിലുണ്ട്.

2018-ലെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം 1600 കിലോമീറ്റർ റോഡ് പ്രത്യേക പഠനവിധേയമാക്കി. ഇതിൽ 800 കിലോമീറ്ററിന് പുനഃസ്ഥാപനം ആവശ്യമാണെന്ന് കണ്ടെത്തി. പമ്പാനദീതീരത്തോട് ചേർന്നുകിടക്കുന്ന 173 കിലോമീറ്റർ റോഡിനെയാണ് വെള്ളപ്പൊക്കം ഏറ്റവുംകൂടുതൽ ബാധിച്ചിരിക്കുന്നത്.

കരട് റിപ്പോർട്ട് സംബന്ധിച്ച് 18-ന് രാവിലെ 10-ന് കിലയുടെ നേതൃത്വത്തിൽ ഓൺലൈൻ ശില്പശാല സംഘടിപ്പിക്കും. ലോകബാങ്ക് അടക്കമുള്ള ഏജൻസികളുടെ പ്രതിനിധികൾ പങ്കെടുക്കും.