തലശ്ശേരി: യു.ഡി.എഫ്. കാലത്തെപ്പോലെ കൈക്കൂലി കൊടുത്താൽ പി.എസ്.സി. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടില്ലെന്ന് എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. കുറച്ച് ചെറുപ്പക്കാരെ തെറ്റിദ്ധരിപ്പിച്ച് സർക്കാരിനെതിരേ അക്രമസമര ഉപകരണമാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. വ്യത്യസ്ത വർഗീയതകളുമായി സന്ധിചെയ്ത് അഴിമതി വളർത്തുന്ന രാഷ്ട്രീയത്തിനാണ് കോൺഗ്രസ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

കേരളബാങ്ക് സർക്കാർ സ്ഥാപനമല്ല. അതിനാൽ റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായാണ് നിയമനം നടത്തുക. മൂന്നുലക്ഷം പേരെ പിൻവാതിൽ നിയമനം നടത്തിയെന്നാണ് പ്രതിപക്ഷനേതാവ് ആരോപിച്ചത്. നാലുമാസംകൊണ്ട് 1159 പേരെ സ്ഥിരപ്പെടുത്തി എന്നാണ് പത്രങ്ങളിലുള്ളത്. അങ്ങനെ വരുമ്പോൾ മൂന്നുലക്ഷം പേരെ സ്ഥിരപ്പെടുത്താൻ എത്രകാലം വേണമെന്ന് വിജയരാഘൻ ചോദിച്ചു.

പത്രസമ്മേളനത്തിൽ സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ, എൽ.ഡി.എഫ്. ജില്ലാ കൺവീനർ കെ.പി. സഹദേവൻ, സി.പി.എം. എരിയാസെക്രട്ടറി എം.സി. പവിത്രൻ എന്നിവർ പങ്കെടുത്തു.