തിരുവനന്തപുരം: ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണപരിപാടികളിൽ കോവിഡ് പ്രതിരോധവും സ്ഥാനംപിടിക്കും. പരമാവധി വോട്ടർമാരെ ബൂത്തുകളിലെത്തിക്കാനുള്ള പതിവ് ബോധവത്കരണ, പ്രചാരണത്തിൽ ഇപ്രാവശ്യം കോവിഡിനും മുൻതൂക്കം നൽകും. രോഗവ്യാപനമുണ്ടാക്കാതെ തിരഞ്ഞെടുപ്പ് നടത്തുന്നതിന് പാലിക്കേണ്ട കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ ബൂത്തുതലങ്ങളിലേക്ക്‌ ഉദ്യോഗസ്ഥരെത്തും.

രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളുമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ നടത്തിയ ചർച്ചയിൽ പത്രികാസമർപ്പണം മുതൽ പ്രചാരണം എല്ലാത്തലത്തിലും പാലിക്കേണ്ട നിർദേശങ്ങളിൽ ധാരണയായിരുന്നു. ആരോഗ്യവകുപ്പുമായിച്ചേർന്നു തയ്യാറാക്കിയ വിശദ മാർഗരേഖ രാഷ്ട്രീയപാർട്ടികളുടെ നേതാക്കൾക്കും കൈമാറും. പൊതുജനങ്ങളിൽ വലിയ ബോധവത്കരണത്തിന് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷനും നിർദേശം നൽകിയിട്ടുണ്ട്.

പോസ്റ്ററുകൾ, വീഡിയോകൾ, ഡോക്യുമെന്ററികൾ തുടങ്ങിയവ തയ്യാറാക്കി സാമൂഹികമാധ്യമങ്ങൾ വഴിയും അല്ലാതെയും പ്രചരിപ്പിക്കും.

തിരഞ്ഞെടുപ്പ് ഒരുക്കം വേഗത്തിൽ

തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വേഗത്തിലാക്കാൻ കളക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി ടീക്കാറാം മീണ പറഞ്ഞു. കോവിഡ് ചുമതലയുണ്ടെങ്കിലും കളക്ടർമാർ തിരഞ്ഞെടുപ്പു ജോലിയിൽക്കൂടി പൂർണശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നിർദേശിച്ചു.