: കവടിയാറിൽ രാജ്ഭവനുസമീപം അക്കാമ്മ ചെറിയാന്റെ പ്രതിമ കാണുന്നവരിൽ അധികമാർക്കുമറിയില്ല, അത് തിരുവിതാംകൂറിലെ ഝാൻസി റാണിയായി അറിയപ്പെട്ട സ്വാതന്ത്ര്യസമരത്തിലെ വീരനായികയാണെന്ന്. 1948-51-ൽ തിരുവിതാംകൂർ നിയമസഭയിൽ അംഗമായിരുന്നു അക്കാമ്മ. കാഞ്ഞിരപ്പള്ളിയിൽനിന്ന് എതിരില്ലാതെയാണ് അവർ ജയിച്ചത്.

തിരുവിതാംകൂറിൽ ദേശസേവികാസംഘം രൂപവത്കരിച്ചത് അക്കാമ്മയാണ്. പിന്നീട് രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിന്ന അക്കാമ്മ 1967-ൽ വീണ്ടും കോൺഗ്രസിലെത്തി. കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

12-ാം ഡിക്ടേറ്റർ

1939-തിരുവിതാംകൂറിൽ ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള ജനാധിപത്യപ്രക്ഷോഭംനടക്കുന്ന കാലം. സ്റ്റേറ്റ് കോൺഗ്രസിനെയും യൂത്ത് ലീഗിനെയും നിരോധിച്ചതോടെ ഡിക്ടേറ്ററെന്ന പദവിയിലാണ് സമരനേതാവിനെ നിയോഗിച്ചത്.

സ്റ്റേറ്റ് കോൺഗ്രസിന്റെ 11 ഡിക്ടേറ്റർമാരെ തുറങ്കിലടച്ചു. 12-ാമത് ഡിക്ടേറ്ററായാണ് കാഞ്ഞിരപ്പള്ളി ഹൈസ്കൂൾ പ്രഥമാധ്യാപികയായ അക്കാമ്മ എത്തുന്നത്. മഹാരാജാവിന്റെ ആട്ടപ്പിറന്നാൾ ദിവസം, അക്കാമ്മയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് കോൺഗ്രസ് വൊളന്റിയർമാർ രാജകൊട്ടാരത്തിലേക്ക് മാർച്ച്‌ചെയ്തു. മാർച്ച് കൊട്ടാരത്തിനടുത്തുവരെയെത്തി. പട്ടാളം വെടിയുതിർക്കാൻ ഒരുങ്ങവേ അതിനെ വെല്ലുവിളിച്ച് അക്കാമ്മ പ്രഖ്യാപിച്ചു: ‘ഞാനാണ് നേതാവ്. എനിക്കുനേരെ ആദ്യം വെടിയുതിർക്കൂ’. അക്കാമ്മയ്ക്കൊപ്പം ആ സമരത്തിൽ മുന്നണിയിലുണ്ടായിരുന്ന മറ്റൊരാൾ അവരുടെ ഇളയസഹോദരി റോസമ്മയായിരുന്നു. കൊട്ടാരത്തിലേക്ക് മാർച്ച് നടത്തിയ അക്കാമ്മയെയും റോസമ്മയെയും 1939 ഡിസംബർ 24-ന് അറസ്റ്റുചെയ്ത് ജയിലിലടച്ചു.