തലശ്ശേരി: കതിരൂരിലെ മലാലിൽ നിർമാണത്തിനിടെ ബോംബ് പൊട്ടി സി.പി.എം. പ്രവർത്തകന്റെ കൈകൾ തകർന്ന സംഭവത്തിൽ നാലുപേരെക്കൂടി പോലീസ് പ്രതിചേർത്തു. തെളിവ് നശിപ്പിച്ചതിനും വെടിമരുന്ന് അശ്രദ്ധമായി കൈകാര്യംചെയ്തതിനും യഥാസമയം പോലീസിനെ വിവരമറിയിക്കാതിരുന്നതിനുമാണ് കേസ്. ഒളിവിലായ പ്രതികളെ തിരഞ്ഞുവരികയാണെന്ന് കേസന്വേഷിക്കുന്ന കതിരൂർ ഇൻസ്പെക്ടർ സി.കെ.സിജു പറഞ്ഞു.

വൈകുന്നേരം ആറോടെയാണ് സ്ഫോടനം. രാത്രി 9.30-ഒാടെ വിവരം കിട്ടി പോലീസെത്തുമ്പോഴേക്ക് സ്ഥലം മഞ്ഞളും വെള്ളവും ചേർത്ത് കഴുകി വൃത്തിയാക്കിയിരുന്നു. സ്ഫോടനസ്ഥലം വീടിന് മേൽഭാഗത്തെ പറമ്പിലാണെന്ന് പറഞ്ഞ് പോലീസിനെ വഴിതെറ്റിക്കാനും ശ്രമം നടന്നു. വിശദപരിശോധനയിൽ വീട്ടുമുറ്റത്ത് രക്തക്കറ കണ്ടെത്തിയതിനെത്തുടർന്ന് രാത്രി കാവൽ ഏർപ്പെടുത്തിയ പോലീസ് പിറ്റേന്ന് ഫൊറൻസിക് വിദഗ്ധരെ കൊണ്ടുവന്ന് പരിശോധിച്ചപ്പോൾ വിരലിന്റെ ഭാഗങ്ങളും മറ്റും കണ്ടെത്തി.

നാടൻബോംബായിരുന്നെങ്കിലും ഉഗ്രശേഷിയുള്ളതായിരുന്നുവെന്ന് ഫൊറൻസിക് വിദഗ്ധർ സ്ഥലത്ത് നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു. നാടൻബോംബ് നിർമാണത്തിനുപയോഗിക്കുന്ന ചണനൂലുകളും മറ്റും സ്ഥലത്ത് കണ്ടെത്തിയിരുന്നു. കൂറ്റേരിച്ചാൽ പറമ്പത്ത് ഹൗസിങ് കോളനിയിലെ ബിനുവിന്റെ വീട്ടുമുറ്റത്തുണ്ടായ സ്ഫോടനത്തിൽ സി.പി.എം. പ്രവർത്തകൻ നിജേഷിന്റെ കൈപ്പത്തികൾ അറ്റിരുന്നു. ഇദ്ദേഹം മംഗളൂരുവിലെ ഫാ. മുള്ളേഴ്സ് ആസ്പത്രിയിൽ ചികിത്സയിലാണ്.

സുഹൃത്ത് ബിനുവിന്റെ വീട്ടുമുറ്റത്തെ സിമന്റ് ടാങ്കിലേക്ക് കൈതാഴ്ത്തി ബോംബ് നിർമിക്കുമ്പോഴാണ് പൊട്ടിയതെന്നാണ് സൂചന. അറസ്റ്റിലായ ബിനുവിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. സ്ഫോടനമുണ്ടായ സ്ഥലത്തും മലാലിലും ചൊക്ലിയിലും തൃക്കണ്ണാപുരത്തും ബോംബ് സ്ക്വാഡ് വെള്ളിയാഴ്ച പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പരിശോധന വരുംദിവസങ്ങളിൽ ശക്തമാക്കുമെന്ന് അസി. കമ്മിഷണർ വി.സുരേഷ് പറഞ്ഞു.