കാഞ്ഞിരപ്പള്ളി: ഗ്രാമീണ മേഖലയിലെ വീട്ടിലിരുന്ന് ജോലിചെയ്യേണ്ടിവരുന്നവർക്കായി കോ-വർക്കിങ് സൗകര്യമൊരുക്കി കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജ്. കോളേജിലെ സ്റ്റാർട്ടപ്‌സ്‌വാലി ടെക്‌നോളജി ബിസിനസ് ഇൻകുബേറ്ററിലാണ് വിവിധ കമ്പനികളിൽ ജോലി ചെയ്യുന്നവർക്കായി തൊഴിൽ സൗകര്യമൊരുക്കുന്നത്.

വിദേശത്തെയും ഇതര സംസ്ഥാനങ്ങളിലെയും കമ്പനികളിലുള്ളവർക്ക്, ഓഫീസ് സൗകര്യം, വേഗമേറിയ ഇന്റർനെറ്റ്, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങളുടെ കുറവുമൂലം ജോലി നഷ്ടമാകാതിരിക്കുന്നതിനുകൂടിയാണ് പുതിയ സംരംഭമെന്ന് അധികൃതർ അറിയിച്ചു.

ഓഫീസ് സൗകര്യം, ഇന്റർനെറ്റ്, വൈദ്യുതി, മീറ്റിങ് മുറികൾ എന്നിവയ്ക്ക് പുറമെ ഭക്ഷണം, താമസം, പാർക്കിങ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ഇൻകുബേറ്ററിൽ പ്രവർത്തിക്കുന്ന 34 സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ സാങ്കേതിക പിന്തുണയോടെയാണ് പദ്ധതി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നവീന സാങ്കേതിക വിദ്യകളുടെ ഗവേഷണങ്ങൾക്കും വികസനത്തിനും ഒരുക്കിയിട്ടുള്ള അത്യാധുനിക സാങ്കേതിക ലബോറട്ടറിയുടെ സൗകര്യങ്ങളും ഉപയോഗിക്കാം.