കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ യു.ജി.സി.യുടെ എച്ച്.ആർ.ഡി. സെന്ററിൽ അസി. പ്രൊഫസർ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച വിവാദത്തിൽ. എ.എൻ. ഷംസീർ എം.എൽ.എ.യുടെ ഭാര്യയെ അനധികൃതമായി നിയമിക്കാൻ നീക്കം നടത്തുന്നുവെന്ന ആരോണപണമാണ് പ്രതിഷേധത്തിനിടയാക്കിയത്. കൂടിക്കാഴ്ച നിർത്തിവെക്കണണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. പ്രവർത്തകർ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ വീട്ടിലേക്ക് മാർച്ച് നടത്തി.

എച്ച്.ആർ.ഡി. സെന്ററിലെ നിയമന കൂടിക്കാഴ്ചയ്ക്ക് അപേക്ഷകരായ 30 പേരെയാണ് ക്ഷണിച്ചത്. ചുരുക്കപ്പട്ടിക തയ്യാറാക്കി, മികച്ച അക്കാദമിക് യോഗ്യതയുള്ള 10 പേരെയാണ് സാധാരണ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുകയെന്നും കൂടുതൽ പേരെ ക്ഷണിച്ചത് ഷംസീറിന്റെ ഭാര്യയെ പരിഗണിക്കാൻ വേണ്ടിയാണെന്നുമാണ് ആരോപണം. എച്ച്.ആർ.ഡി. സെന്ററിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച വെള്ളിയാഴ്ച തുടങ്ങി. ശനിയാഴ്ചയും തുടരും. ഓൺലൈനിലൂടെയുള്ള കൂടിക്കാഴ്ചയിൽ വൈസ് ചാൻസലർ വീട്ടിലിരുന്നാണ് പങ്കെടുത്തത്.

സെന്ററിലെ തസ്തികകൾ യു.ജി.സി. വ്യവസ്ഥയനുസരിച്ച് താത്കാലികമാണ്. എന്നാൽ ഇവിടെ അസി. പ്രൊഫസറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാൻ സർവകലാശാല കഴിഞ്ഞവർഷം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഡയറക്ടർ തസ്തികയിൽ നിയമനം നടത്താതെയാണ് അസി. പ്രൊഫസറുടെ നിയമനം നടത്തുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചാണ് കൂടിക്കാഴ്ചയെന്നും ഇത് തടയണമെന്നുമാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകിയിരുന്നു.

അക്കാദമിക് യോഗ്യതയോ അധ്യാപനപരിചയമോ കണക്കിലെടുക്കാതെ കൂടിക്കാഴ്ചയിൽ നൽകുന്ന ഉയർന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ നിയമനം നൽകാനാണ് നീക്കമെന്നാണ് ആരോപണം. സംസ്‌കൃത, കാലിക്കറ്റ് സർവകലാശാലകളിൽ ഇത്തരത്തിൽ അധ്യാപക നിയമനം നടത്തിയെന്ന പരാതി ഏറെ വിവാദത്തിടയാക്കിയിരുന്നു. രണ്ടുവർഷം മുമ്പ് കണ്ണൂർ സർവകലാശാലയുടെ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ അസി. പ്രഫസറുടെ താത്‌കാലിക ഒഴിവിലേക്ക്‌ ഷംസീറിന്റെ ഭാര്യയെ നിയമിച്ചിരുന്നു. നിയമനം ചട്ടങ്ങൾ മറികടന്നാണെന്ന് വ്യക്തമാക്കി ഹൈക്കോടതി റദ്ദാക്കി. ഒന്നാം റാങ്കുകാരിയെ തഴഞ്ഞാണ് ഷംസീറിന്റെ ഭാര്യയ്ക്ക് നിയമനം നൽകിയതെന്ന് കോടതി കണ്ടെത്തി. റാങ്ക് പട്ടികയിലെ ഒന്നാം സ്ഥാനക്കാരിയായ ഡോ. എം.പി. ബിന്ദു നൽകിയ ഹർജിയിലായിരുന്നു കോടതി വിധി.

കെ.എസ്.യു. പ്രവർത്തകരെ അറസ്റ്റ്‌ ചെയ്ത് നീക്കി

: കെ.എസ്.യു.വിന്റെ പ്രതിഷേധസമരം ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ധൃതിപ്പെട്ട് നിയമനം നടത്താനുള്ള നീക്കം ദുരൂഹമാണെന്നും ബന്ധുനിയമനത്തിന് സർവകലാശാലാ ചട്ടങ്ങൾ കാറ്റിൽപ്പറത്തി വൈസ് ചാൻസലർ കൂട്ടുനിൽക്കുകയാണെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ 11-ഓടെയാണ് വൈസ് ചാൻസലറുടെ വീട് കെ.എസ്.യു. പ്രവർത്തകർ ഉപരോധിച്ചത്. പ്രതിഷേധത്തിനിടയിൽ വീട്ടിലേക്ക് ഇരച്ചുകയറിയ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സി.ടി. അഭിജിത്ത്, ഫർഹാൻ മുണ്ടേരി, അൻസിൽ വാഴപ്പള്ളിൽ, ആദർശ് മാങ്ങാട്ടിടം, ആകാശ് ഭാസ്കർ, ഹരികൃഷ്ണൻ പാളാട്, ഉജ്വൽ പവിത്രൻ, ടി. സായന്ത്, എം.സി. അതുൽ തുടങ്ങിയവർ നേതൃത്വം നൽകി.