വള്ളികുന്നം: പടയണിവെട്ടത്ത് കുത്തേറ്റുമരിച്ച എസ്.എഫ്.ഐ. പ്രവർത്തകനായ പത്താംക്ലാസ് വിദ്യാർഥി അഭിമന്യു(15)വിന്റെ മൃതദേഹംവഹിച്ചുള്ള വിലാപയാത്രയ്ക്കിടെ വീടിനുനേരേ അക്രമം. ആർ.എസ്.എസ്. പ്രവർത്തകനായ എം.ആർ. ജങ്ഷൻ മാലതി മന്ദിരത്തിൽ അനന്തകൃഷ്ണന്റെ വീടിനുനേരേയാണ് അക്രമം നടന്നത്. വീടിന്റെ ജനാലകളുടെ ചില്ലുകൾ പൂർണമായും കല്ലെറിഞ്ഞുതകർത്തു.

വീട്ടുമുറ്റത്തിരുന്ന രണ്ടുസ്കൂട്ടറുകൾക്ക്‌ അക്രമത്തിൽ കേടുപാടുണ്ട്. കുടിവെള്ളടാപ്പും എറിഞ്ഞു തകർത്തനിലയിലാണ്. മൃതദേഹം സൂക്ഷിച്ചിരുന്ന ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന്‌ ചൂനാട്‌വഴി പുത്തൻചന്തയിലുള്ള സി.പി.എം. വള്ളികുന്നം കിഴക്ക് ലോക്കൽകമ്മിറ്റി ഓഫീസിലേക്കാണു വിലാപയാത്ര നടത്തിയത്.

വിലാപയാത്രയ്ക്ക് ഏറ്റവുംപിന്നിൽവന്ന സംഘമാണ് അക്രമം നടത്തിയത്. ഈ സമയം അനന്തകൃഷ്ണനും അമ്മ മാലതിയും വീട്ടിലുണ്ടായിരുന്നു. പോലീസ് അക്രമം തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വിലാപയാത്രയ്ക്കിടെ കിണറുമുക്കുമുതൽ പുത്തൻചന്തവരെ റോഡരികിൽ സ്ഥാപിച്ചിരുന്ന ബി.ജെ.പി., സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ബോർഡുകളും പ്രചാരണസാമഗ്രികളും എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. പ്രവർത്തകർ നശിപ്പിച്ചു.

വള്ളികുന്നം ക്ഷീരസംഘത്തിനുസമീപം ബോർഡ് എടുക്കുന്നത് പോലീസ് തടയാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. തുടർന്ന്‌ പ്രവർത്തകരെ പോലീസ് ലാത്തിവീശി ഓടിച്ചു.