പെരിയ: ചികിത്സയ്ക്കും മരുന്നുവിതരണത്തിനുമുള്ള സർക്കാരിന്റെ പുതിയ വ്യവസ്ഥ സംസ്ഥാനത്തെ 3500-ലധികം വരുന്ന ഹീമോഫീലിയ രോഗികളെ ദുരിതത്തിലാക്കും. നിലവിൽ കാരുണ്യ ഫാർമസികൾ വഴിയാണ് മരുന്നുകൾ ലഭിക്കുന്നത്. ഈ സേവനം നിർത്തി ജില്ലാടിസ്ഥാനത്തിൽ പുതിയ ഹീമോഫീലിയ ചികിത്സാകേന്ദ്രങ്ങൾ സ്ഥാപിച്ച് മരുന്നുവിതരണവും ചികിത്സയും നടത്താനാണ് തീരുമാനം.

ഹീമോഫീലിയ രോഗികൾക്കുള്ള മരുന്നുവിതരണം സംസ്ഥാന സർക്കാരിന്റെ കാരുണ്യാപദ്ധതിക്ക് കീഴിലായിരുന്നു. എന്നാൽ ഇതിനുള്ള തുക വകയിരുത്താത്തതിനാൽ മരുന്നുവിതരണം ദേശീയ ആരോഗ്യ മിഷന്റെ സമഗ്ര വികേന്ദ്രീകൃത പദ്ധതിയായ ആശാധാരയ്ക്ക് കീഴിലേക്ക് കൊണ്ടുവരുന്നതിനൊപ്പമാണ് സർക്കാർ ഈ തീരുമാനമെടുത്തത്. പുതിയ വ്യവസ്ഥ പ്രകാരം മേയ് ഒന്നുമുതൽ കാരുണ്യ ഫാർമസികളിൽനിന്ന് മരുന്ന് ലഭിക്കണമെങ്കിൽ അതത് ജില്ലകളിലെ ഹീമോഫീലിയ നോഡൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ മരുന്നുകുറിപ്പുമായെത്തണം.

എന്നാൽ ചികിത്സാകേന്ദ്രങ്ങൾ പൂർണമായും പ്രവർത്തനക്ഷമമാകാത്തതും ഓരോ ജില്ലയിലേയും നൂറുകണക്കിന് രോഗികൾ ഒരു നോഡൽ ഓഫീസറെ മാത്രം ആശ്രയിക്കേണ്ടതും എതിർപ്പിന് കാരണമായി. പ്രതിഷേധത്തെതുടർന്ന് കേരള മെഡിക്കൽ സർവീസ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് അധികൃതർ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിലവിലെ രീതി തുടരാൻ കാരുണ്യാജീവനക്കാർക്ക് നിർദേശം നൽകി.

ജില്ലാടിസ്ഥാനത്തിൽ കേന്ദ്രങ്ങൾ വന്നാൽ ചികിത്സയും മരുന്നുവിതരണവും അവിടെയായിരിക്കും. ഗ്രാമപ്രദേശങ്ങളിലെ രോഗികൾക്ക് മരുന്ന് ലഭിക്കാൻ ഇവിടേക്ക് ഏറെ ദൂരം സഞ്ചരിക്കേണ്ടി വരും. അടിയന്തര സാഹചര്യത്തിൽ മരുന്ന് ഉടൻ ലഭിക്കേണ്ടതിനാൽ കൂടുതൽ സമയം കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നത് രോഗികളുടെ ആരോഗ്യത്തെ ബാധിക്കും. രക്തസ്രാവമുണ്ടായാൽ തടയാൻ മരുന്ന് പെട്ടെന്ന് ലഭിച്ചില്ലെങ്കിൽ വൈകല്യംവരെ സംഭവിക്കും. ഈ സാഹചര്യം മുന്നിൽക്കണ്ട് രോഗികൾക്ക് മരുന്ന് മുൻകൂറായി നൽകാറുണ്ടെങ്കിലും ഇപ്പോൾ ആവശ്യത്തിനുപോലും ലഭിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ജില്ലാടിസ്ഥാനത്തിൽ പുതിയ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനൊപ്പം താലൂക്കടിസ്ഥാനത്തിലും കേന്ദ്രങ്ങൾ വരണമെന്നാണ് രോഗികളുടെ ആവശ്യം.