തിരുവനന്തപുരം: സി.പി.എം. രാജ്യസഭാ സ്ഥാനാർഥികളായി കൈരളി ടി.വി. എം.ഡി. ജോൺ ബ്രിട്ടാസിനെയും പാർട്ടി സംസ്ഥാനസമിതി അംഗം ഡോ. വി.ശിവദാസിനെയും നാമനിർദേശം ചെയ്തു. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റാണ് ഇരുവരുടെയും സ്ഥാനാർഥിത്വം തീരുമാനിച്ചത്. വ്യാഴാഴ്ച വൈകീട്ട് ചേർന്ന ഇടതുമുന്നണി യോഗവും ഈ നിർദേശം അംഗീകരിച്ചു.

ദേശാഭിമാനിയിലൂടെ പത്രപ്രവർത്തകനായി ഔദ്യോഗിക ജീവിതമാരംഭിച്ച ജോൺ ബ്രിട്ടാസ് തുടർന്ന് കൈരളി ടി.വി. എം.ഡി.യായി. പിണറായി വിജയനുമായി വലിയ ആത്മബന്ധം സൂക്ഷിക്കുന്ന അദ്ദേഹം, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായി പ്രവർത്തിച്ചു. വി.ശിവദാസ് എസ്.എഫ്.ഐ. അഖിലേന്ത്യ പ്രസിഡന്റായിരുന്നു. പാർട്ടിയുടെ സൈബർ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിവരുന്നു.

രാജ്യസഭയിലെ മികച്ച പ്രവർത്തനം ചൂണ്ടിക്കാട്ടി സ്ഥാനമൊഴിയുന്ന കെ.കെ.രാഗേഷിന് ഒരു ടേം കൂടി നൽകാമെന്ന അഭിപ്രായം സി.പി.എം. കേന്ദ്രനേതൃത്വത്തിനുണ്ടായിരുന്നു. എന്നാൽ, പാർലമെന്ററി രംഗത്ത് സി.പി.എം. പുലർത്തുന്ന ചട്ടം പാലിക്കുകതന്നെ വേണമെന്ന നിർദേശം സംസ്ഥാന നേതൃത്വം മുറുകെ പിടിച്ചു.

അബ്ദുൾവഹാബ് പത്രിക നൽകി

മുസ്‌ലിം ലീഗ് പ്രതിനിധിയായി പി.വി.അബ്ദുൾ വഹാബ് നാമനിർദേശപത്രിക സമർപ്പിച്ചു. യു.ഡി.എഫിനു ലഭിക്കുന്ന ഒരു സീറ്റ് മുന്നണിയിലെ ധാരണപ്രകാരം ലീഗിനു നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നു. വ്യവസായിയായ അബ്ദുൾവഹാബ് മൂന്നാംതവണയാണ് രാജ്യസഭയിലേക്ക് എത്തുന്നത്.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ.കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ്‌ തങ്ങൾ, എം.എം.ഹസൻ എന്നിവർക്കൊപ്പമെത്തിയാണ് നിയമസഭാ സെക്രട്ടറിക്ക് അദ്ദേഹം പത്രിക നൽകിയത്.

വോട്ടെടുപ്പിനു സാധ്യതയില്ല

രാജ്യസഭയിലെ മൂന്ന് ഒഴിവുകളിലേക്ക് മൂന്ന് അംഗങ്ങൾമാത്രം നാമനിർദേശപത്രിക സമർപ്പിക്കുന്ന സാഹചര്യത്തിൽ വോട്ടെടുപ്പിനു സാധ്യതയില്ല. നിയമസഭയിലെ അംഗബലമനുസരിച്ച് എൽ.ഡി.എഫിന് രണ്ടുപേരെയും യു.ഡി.എഫിന് ഒരാളെയും ജയിപ്പിക്കാം. ഏപ്രിൽ 20 വരെ പത്രിക നൽകാം. കൂടുതൽ സ്ഥാനാർഥികളില്ലെങ്കിൽ സൂക്ഷ്മപരിശോധനയും പിൻവലിക്കാനുള്ള തീയതിക്കും ശേഷം ഫലം പ്രഖ്യാപിക്കും.