കൊച്ചി: അപൂർവ ജനിതകരോഗമായ സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സയ്ക്ക് സർക്കാർ സഹായംതേടി പിതാവ് ഹൈക്കോടതിയിൽ. കോഴിക്കോട് സ്വദേശി ആരിഫിന്റെ കുഞ്ഞിനാണ് ഞരമ്പുകളെയും പേശികളെയും ബാധിക്കുന്ന രോഗം വന്നത്‌. കുഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിലാണിപ്പോൾ.

ചികിത്സയ്ക്ക് അമേരിക്കയിൽനിന്നുള്ള ഒനസെമനജീൻ എന്നമരുന്ന് ഒരു ഡോസ് നൽകണം. ഇതിന് 16 മുതൽ 18 കോടി രൂപയാണ് ചെലവ്. ചികിത്സാച്ചെലവിന് സർക്കാർ സഹായം ഉണ്ടാകണമെന്നാണ് പിതാവിന്റെ ആവശ്യം.

കുട്ടിയുടെ സ്ഥിതി വിശദീകരിച്ച് മെഡിക്കൽ കോളേജ് അധികൃതർ നൽകിയ റിപ്പോർട്ട് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരിശോധിച്ചു. തുടർന്ന് കോടതി ഇക്കാര്യത്തിൽ സർക്കാരിന്റെയടക്കം വിശദീകരണംതേടി. മരുന്നിന്റെ ഫലസിദ്ധി, വില, ചികിത്സാരീതി, ക്രൗഡ് ഫണ്ടിങ് സാധ്യത തുടങ്ങിയവ പരിഗണിച്ചെ തീരുമാനം എടുക്കാനാകുവെന്ന് കോടതി വിലയിരുത്തി. ഇതെല്ലാം കണക്കിലെടുത്ത് 28-നകം സത്യവാങ്മൂലം ഫയൽചെയ്യാൻ സർക്കാരിനോടും ആരോഗ്യവകുപ്പ് ഡയറക്ടറോടും കോടതി നിർദേശിച്ചു.