കൊച്ചി: സംസ്ഥാനത്ത് എലിപ്പനി കേസുകളും മരണങ്ങളും കൂടുന്നതായി ആരോഗ്യവകുപ്പ്. തക്കസമയത്ത് ചികിത്സ തേടാത്തതിനാൽ ഗുരുതരാവസ്ഥയിലാണ് പല രോഗികളെയും ആശുപത്രികളിൽ എത്തിക്കുന്നത്.

2000 പേർക്കാണ് എട്ടു മാസത്തിനിടെ രോഗം ബാധിച്ചത്. നൂറിലധികം മരണങ്ങളും ഈവർഷം റിപ്പോർട്ട് ചെയ്തു. രോഗബാധ കൂടിയതോടെ പല ജില്ലകളും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പ്രതിരോധം ഊർജിതമാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകി. രോഗം തിരിച്ചറിയാത്തതും മറച്ചുവെക്കുന്നതുമാണ് കേസുകൾ കൂടാൻ കാരണം.

സ്വയംചികിത്സയുടെ അപകടം മുൻനിർത്തി ബോധവത്കരണം നടത്താനുള്ള നീക്കത്തിലാണ് ആരോഗ്യവകുപ്പ്. രോഗസാധ്യതാ പ്രദേശങ്ങളിലുള്ളവർക്ക് ഡോക്‌സിസൈക്ലിൻ ഗുളിക വിതരണം ചെയ്തിരുന്നെങ്കിലും പലരും കൃത്യമായി കഴിക്കുന്നില്ല.

ആശുപത്രികൾക്ക് നിർദേശം നൽകി

വിട്ടുമാറാത്ത പനിയുമായി ചികിത്സ തേടുന്നവരെ നിരീക്ഷിക്കാൻ ആശുപത്രികൾക്ക് നിർദേശം നൽകി. സ്വകാര്യ ആശുപത്രികളിലടക്കം ഇക്കാര്യത്തിൽ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

-ഡോ. എൻ.കെ. കുട്ടപ്പൻ, ജില്ലാ മെഡിക്കൽ ഓഫീസർ, എറണാകുളം