കമ്പല്ലൂർ (കാസർകോട്) : ഈവർഷത്തെ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെൻറ്് പ്രസിദ്ധീകരിച്ചപ്പോൾ കുട്ടികളിൽനിന്ന് വ്യാപക പരാതി. എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് ഉയർന്ന ഗ്രേഡ് ലഭിച്ചിട്ടും തങ്ങൾ ആഗ്രഹിച്ച സ്കൂളോ കോഴ്‌സോ ലഭിച്ചില്ലെന്നാണ് പരാതി.

പഠനത്തോടൊപ്പം പഠ്യേതരപ്രവർത്തനത്തിൽ പങ്കെടുത്ത കുട്ടികൾക്കാണ് പരാതി. റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ പരമാവധി 10 ബോണസ് പോയിന്റാണ് ഒരു വിദ്യാർഥിക്ക് ലഭിക്കുന്നത്. കേരള എസ്.എസ്.എൽ.സി.ക്ക് രണ്ട്, പഠിച്ച സ്കൂളിലാണെങ്കിൽ രണ്ട്, സ്വന്തം പഞ്ചായത്തിന് രണ്ട്, സ്വന്തം താലൂക്കിന് ഒന്ന്. എൻ.സി.സി., സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ്‌, സ്റ്റുഡൻറ് പോലീസ്, നീന്തൽ ഇവയിൽ ഏതിലെങ്കിലും ഒന്നിന് രണ്ട്, ലിറ്റൽ കൈറ്റിന് ഒന്ന്.

നീന്തൽ സർട്ടിഫിക്കറ്റ് സാധാരണമായി ജില്ലാ സ്പോർട്സ് കൗൺസിലാണ്‌ നൽകിയിരുന്നത്. ഈവർഷം ഗ്രാമപ്പഞ്ചാത്ത് നൽകിയാൽ മതി. അതുകൊണ്ട് നീന്തലറിയാത്തവർപോലും സർട്ടിഫിക്കറ്റ് ഹാജരാക്കി ബോണസ് പോയിന്റ് കരസ്ഥമാക്കിയിട്ടുണ്ടെന്ന ആക്ഷേപമുണ്ട്‌. നീന്തലറിയുന്ന എൻ.സി.സി. കാഡറ്റിനും സ്റ്റുഡന്റസ് പോലീസ് കാഡറ്റിനും സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്‌സിനും വെറും രണ്ട്‌ പോയിന്റ് മാത്രമേ ലഭിക്കുകയുള്ളൂ.

അതേസമയം നീന്തലറിയുന്ന ലിറ്റൽ കൈറ്റിന്‌ മൂന്ന് ബോണസ് പോയിന്റ് ലഭിക്കും. ഈ പ്രശ്നം ഹയർ സെക്കൻഡറി ഐ.സി.ടി. സെല്ലിനെ അറിയിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും പരാതിയുണ്ട്.