കൊച്ചി: വൈക്കം മണ്ഡലത്തിൽനിന്ന് സി.കെ. ആശയെ തിരഞ്ഞെടുത്ത നടപടി ചോദ്യം ചെയ്ത് എതിർ സ്ഥാനാർത്ഥി കുട്ടൻ കട്ടച്ചിറ നൽകിയ ഹർജി ഹൈക്കോടതി പ്രാഥമിക തടസ്സവാദത്തിനായി സെപ്റ്റംബർ 23-ലേക്ക് മാറ്റി. ഹർജിയിൽ ആശയ്ക്കു വേണ്ടി വിശദമായ മറുപടി രേഖാമൂലം സമർപ്പിച്ചിരുന്നു.

നാട്ടിക എം.എൽ.എ. സി.സി. മുകുന്ദൻ, കുന്നത്തുനാട് എം.എൽ.എ. പി.വി. ശ്രീനിജിൻ എന്നിവരുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് എതിർ സ്ഥാനാർത്ഥികളായിരുന്ന ശിവരത്നനും വി.കെ. വേലായുധനും നൽകിയ ഹർജികൾ ഒക്ടോബർ ഒന്നിനു പരിഗണിക്കാൻ മാറ്റി.

ഇൗ ഹർജികളിൽ വിശദമായ മറുപടി സമർപ്പിക്കാൻ സി.സി. മുകുന്ദന്റെയും ശ്രീനിജിന്റെയും അഭിഭാഷകർ രണ്ടാഴ്ച സമയം തേടിയതു കണക്കിലെടുത്താണ് ജസ്റ്റിസ് പി. സോമരാജൻ ഹർജികൾ മാറ്റിയത്.

ശ്രീനിജിനെതിരായ ഹർജിയിൽ വേലായുധനു പുറമേ എതിർ സ്ഥാനാർത്ഥികളായിരുന്ന രേണു സുരേഷ്, സുജിത് പി. സുരേന്ദ്രൻ എന്നിവരും മറുപടി സമർപ്പിക്കാൻ സമയം തേടിയിട്ടുണ്ട്.