ചേർത്തല: അശ്വതി നടക്കുന്നതു ജയിക്കാൻ മാത്രമല്ല, ദാരിദ്ര്യത്തെ തോൽപ്പിക്കാനുംകൂടിയാണ്. കേരള സർവകലാശാല അത്‌ലറ്റിക്മീറ്റിൽ 20 കിലോമീറ്റർ നടത്തത്തിൽ ഒന്നാംസ്ഥാനക്കാരിയാണ് അശ്വതി അശോകൻ.

ചേർത്തല സെയ്ന്റ് മൈക്കിൾസ് കോളേജിൽ ഇക്കുറി ഡിഗ്രി പൂർത്തിയാക്കി പുറത്തിറങ്ങുന്ന അശ്വതിക്കുമുൻപിൽ വലിയലക്ഷ്യങ്ങളാണ്. പാതിതളർന്ന അച്ഛനെ ജീവിതത്തിലേക്കുനടത്തണം, ഒപ്പം കുടുംബത്തെ ദുരിതങ്ങളിൽനിന്ന്‌ കരകയറ്റണം.

ചേർത്തല തെക്ക് ഗ്രാമപ്പഞ്ചായത്ത് ആറാംവാർഡ് അംബേദ്കർ കോളനി പുതുവൽനികർത്തിൽ അശ്വതി ഇതുവരെ നടന്നുജയിച്ചതെല്ലാം വിശപ്പറിഞ്ഞുതന്നെ. ഒരു മഴപെയ്താൽ ഉയരുന്ന വെള്ളക്കെട്ടുകൾക്കുനടുവിൽ പണിതീരാത്ത വീട്ടിൽനിന്നാണ് അശ്വതിയുടെ സ്റ്റാർട്ട്.

നിർമാണത്തൊഴിലാളിയായിരുന്ന അച്ഛൻ ഒരു വർഷംമുൻപ് ഒരുവശം തളർന്നു കിടപ്പിലായതോടെ കുടുംബത്തിന്റെ വരുമാനം നിലച്ചു. അമ്മ ഉഷ തൊഴിലുറപ്പുപണിക്കുപോയും പുല്ലുചെത്തിയും കിട്ടുന്ന വരുമാനമാണ് ആശ്രയം. അനുജത്തി അഭിരാമി രണ്ടാംവർഷം ഡിഗ്രിക്കു പഠിക്കുന്നു.

അർത്തുങ്കൽ സെയ്ന്റ് ഫ്രാൻസിസ് അസീസി സ്കൂളിൽനിന്നാണ് അശ്വതിയുടെ ട്രാക്കിലെ തുടക്കം. ഹൈ ജംപിലും പോൾവാട്ടിലുമായിരുന്നു ആദ്യ മത്സരങ്ങൾ. പരിശീലകനാണു നടത്തത്തിലേക്കു തിരിച്ചുവിട്ടത്.

കേരള സർവകലാശാല അത്‌ലറ്റിക്‌ മീറ്റിൽ ആദ്യം മൂന്നും പിന്നെ രണ്ടും ഒടുവിൽ ഒന്നാംസ്ഥാനക്കാരിയുമായാണു തിളങ്ങിയത്.

സംസ്ഥാന അമച്ചർ അത്‌ലറ്റിക് മീറ്റിൽ മൂന്നാംസ്ഥാനക്കാരിയുമായി. മികച്ചസമയം രണ്ടുമണിക്കൂർ 22 മിനിറ്റാണ്.

പലപ്പോഴും വിശപ്പറിഞ്ഞാണു പരിശീലനമെങ്കിലും വിജയിക്കാനുള്ള ആഗ്രഹത്തിൽ അതു മറക്കും. പഠിക്കാനും പരിശീലിക്കാനും അച്ഛന്റെ ചികിത്സയ്ക്കായും പലരും നൽകുന്ന സഹായങ്ങൾ മാത്രമാണ് ആശ്വാസം.

സ്പോർട്സ് ക്വാട്ടയിൽ സിവിൽ പോലീസ് നിയമനത്തിന് അപേക്ഷ നൽകി കാത്തിരിക്കുകയാണ് അശ്വതി.