പേരാവൂർ (കണ്ണൂർ): സംസ്ഥാനത്ത് പുതിയ ഒരു വ്യാപാരി സംഘടനകൂടി നിലവിൽവരുന്നു. സംഘടനയുടെ പേരും വിശദാംശങ്ങളും ഞായറാഴ്ച രാവിലെ 10.30-ന്‌ പാലക്കാട് ജോബീസ് മാളിൽ നടക്കുന്ന ചടങ്ങിൽ പ്രഖ്യാപിക്കും. ഹസ്സൻ കോയയുടെ നേതൃത്വത്തിൽ നേരത്തെ പ്രവർത്തിച്ചിരുന്ന വ്യാപാരി വ്യവസായി ഏകോപനസമിതി വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റ് ജോബി വി. ചുങ്കത്ത്, വർക്കിങ് പ്രസിഡന്റ് ടി.എഫ്. സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി സി.എച്ച്. ആലിക്കുട്ടി ഹാജി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന. വിവിധ ജില്ലകളിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ചെറുകിട വ്യാപാരസംഘടനകൾ, ടൗണുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മർച്ചന്റ് ചേംബറുകൾ എന്നിവയെല്ലാം കൂടി യോജിച്ചാണ് പുതിയ വ്യാപാരസംഘടനയ്ക്ക് രൂപം നല്കുന്നതെന്ന് നേതാക്കൾ പറയുന്നു.

2022 മാർച്ച് 31-നകം യൂണിറ്റ് കമ്മിറ്റികളും മേയ് 15-നകം ജില്ലാ കമ്മിറ്റികളും ജൂൺ 30-നകം സംസ്ഥാന കമ്മിറ്റിയും ഔദ്യോഗികമായി നിലവിൽവരും. കണ്ണൂർ ജില്ലയിൽ ടി.എഫ്. സെബാസ്റ്റ്യൻ ചെയർമാനായും ഷിനോജ് നരിതൂക്കിൽ കൺവീനറായുമുള്ള സംഘാടക സമിതി രൂപവത്‌കരിച്ച് പ്രവർത്തനം തുടങ്ങി.