മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്ട്ര കാർഗോ സർവീസിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മന്ത്രി എം.വി.ഗോവിന്ദൻ അധ്യക്ഷത വഹിക്കും. മന്ത്രി എ.കെ.ശശീന്ദ്രൻ ആദ്യ ചരക്ക് കൈമാറും.

അന്താരാഷ്ട്ര വിമാനത്താവളമെന്ന പദവിയുണ്ടെങ്കിലും അന്താരാഷ്ട്ര കാർഗോ സർവീസ് തുടങ്ങുന്നതോടെയേ ആ സ്ഥാനം പൂർണതയിലെത്തുന്നുള്ളൂവെന്ന് കിയാൽ എം.ഡി. ഡോ. വി.വേണു പറഞ്ഞു. ഇതോടെ ഉത്തരമലബാറിലെയും കുടക് മേഖലയിലെയും വാണിജ്യ, വ്യവസായ, കാർഷികമേഖലയ്ക്ക് പുതിയ ഉണർവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളങ്ങളുടെ പ്രധാന വരുമാനമേഖലയും ചരക്കുകടത്താണ്. കെ.പി.എം.ജി. അടക്കമുള്ള ഏജൻസികൾ നടത്തിയ പഠനത്തിൽ വ്യക്തമായത് അടുത്തവർഷത്തോടെ 30,000 ടൺ ചരക്ക് കയറ്റിറക്കുമതി കണ്ണൂർ വിമാനത്താവളത്തിൽനിന്ന്‌ നടത്താനാവുമെന്നാണ്.

പഴവർഗങ്ങളും പച്ചക്കറിയുമാണ് പ്രധാനമായും ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റുമതിചെയ്യാൻ സാധ്യത. ഇതിനായി അത്യാധുനിക സൗകര്യങ്ങളെല്ലാമൊരുക്കി. വിമാനക്കമ്പനികളുമായും കയറ്റുമതി ഏജന്റുമാരുമായും വ്യാപാരികളുമായും ഇതിനകം ചർച്ച നടത്തിക്കഴിഞ്ഞു. പച്ചക്കറിയും പഴവർഗങ്ങളും കയറ്റുമതി ചെയ്യുന്നതിന് പ്രത്യേകം കാർഗോ വിമാനസർവീസ് തുടങ്ങണമെന്ന നിർദേശവും വിമാനക്കമ്പനികളുടെ പരിഗണനയിലാണ് - ഡോ. വേണു പറഞ്ഞു.