കൊച്ചി: പോക്സോ കേസുകൾ കൈകാര്യംചെയ്യാനായി 27 താത്കാലിക അതിവേഗകോടതികൾ വന്നിട്ടും കെട്ടിക്കിടക്കുന്ന കേസുകൾക്ക് കുറവില്ല. 10,187 കേസുകളാണ് കോടതികളിൽ കെട്ടിക്കിടക്കുന്നത്. നൂറിലേറെ കേസുകൾ രജിസ്റ്റർചെയ്യുന്ന ജില്ലകളിൽ പോക്സോ കോടതി ആരംഭിക്കണമെന്ന സുപ്രീംകോടതി നിർദേശപ്രകാരമാണ് കൂടുതൽ കോടതികൾ തുടങ്ങിയത്. ഇതിന്റെ പ്രയോജനം പൂർണമായി ലഭിച്ചുതുടങ്ങുന്നതേയുള്ളു.

തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ കേസുകൾ കെട്ടിക്കിടക്കുന്നത് (1474). കുറവ് വയനാട്ടിലും (284). മലപ്പുറം-1310, തൃശ്ശൂർ-1196, കണ്ണൂർ-841, എറണാകുളം-711, കൊല്ലം-710, പാലക്കാട്-635, കോഴിക്കോട്-608, ഇടുക്കി-573, ആലപ്പുഴ-532, കാസർകോട്-483, കോട്ടയം-479, പത്തനംതിട്ട-351 എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ കോടതികളിൽ കെട്ടിക്കിടക്കുന്ന പോക്സോ കേസുകളുടെ എണ്ണം.

ഈവർഷം സെപ്റ്റംബർ വരെ 2493 പോക്സോ കേസുകളാണ് പോലീസ് രജിസ്റ്റർചെയ്തിട്ടുള്ളത്. 2020-ൽ 3019-ഉം, 2019-ൽ 3609-ഉം, 2018-ൽ 3179-ഉം, 2017-ൽ 2697-ഉം കേസുകൾ രജിസ്റ്റർ ചെയ്തു. കേസന്വേഷണവും വിചാരണനടപടികളും നീണ്ടുപോകുന്നത് കേസിനെയും ഇരയെയും പ്രതികൂലമായി ബാധിക്കും. പോക്സോ കേസുകളിൽ ഇരയെയും കുടുംബത്തെയും പ്രതികൾ സ്വാധീനിക്കുന്നത് പതിവാണ്. മാത്രമല്ല തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ മറന്ന് കുട്ടികൾ സാധാരണ ജീവിതത്തിലേക്ക് കടക്കുമ്പോൾ വിചാരണനടപടികൾ തുടങ്ങുന്നത് മാനസികമായി ഇവരെ തളർത്തും.

കോടതികളിൽനിന്ന് ഫൊറൻസിക് ലാബുകളിലേക്ക് പരിശോധനയ്ക്കയച്ച സാംപിളുകളുടെ പരിശോധനാഫലം വൈകുന്നതും പോക്സോ കേസുകളെ ബാധിക്കുന്നുണ്ട്.