തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ മൗനം സംസ്ഥാനത്തോട് കാട്ടിയ വഞ്ചന ന്യായീകരിക്കാൻ കഴിയാത്തതിനാലാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ. സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ തമിഴ്‌നാടിന് അടിയറവെച്ചിട്ടാണ് ഈ മൗനം. ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന നാലു ജില്ലകളിലെ ജനങ്ങളോടും കേരളീയ സമൂഹത്തോടും മുഖ്യമന്ത്രിയും മന്ത്രിമാരും കാട്ടിയ കൊടിയവഞ്ചനയുടെ ചുരുളാണ് അഴിയുന്നത്.

മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുന്നതിന് മരംമുറിക്കാനുള്ള അനുമതി നൽകാൻ സെപ്റ്റംബർ 17-ന്‌ ചേർന്ന സെക്രട്ടറിതല യോഗത്തിൽ തീരുമാനം എടുക്കുകയും അക്കാര്യം ഒക്ടോബർ 27-ന് കേരളത്തിന്റെ സ്റ്റാൻഡിങ് കൗൺസൽ ജി. പ്രകാശ് കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 152 അടിയാക്കാനുള്ള ആസൂത്രണമാണ് തമിഴ്‌നാട് നടത്തുന്നത്. അതിന്റെ ഭാഗമാണ് ബേബി ഡാം ബലപ്പെടുത്തൽ. നിയമസഭയിൽ യു.ഡി.എഫ്. അംഗങ്ങൾ തുടർച്ചയായി ഈ വിഷയം ഉയർത്തിയെങ്കിലും മുഖ്യമന്ത്രി വാതുറന്നില്ല -സുധാകരൻ കുറ്റപ്പെടുത്തി