കോന്നി: കാൽനടയായി തമിഴ്‌നാട്ടിൽനിന്നും ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകർക്ക് വിശ്രമ സങ്കേതമൊരുക്കി കുമ്മണ്ണൂരിലെ അംസ മൻസിൽ. 40 വർഷം മുമ്പ് കുമ്മണ്ണൂർ പള്ളിപ്പടിഞ്ഞാറ്റേതിൽ സാറാബീവി എന്ന വനിത തുടങ്ങിവെച്ചതാണിത്. എക്‌സൈസ് വകുപ്പിൽനിന്നും പ്രിവന്റീവ് ഓഫീസർ ആയി വിരമിച്ച മകൻ ഷാജി മുഹമ്മദും ഭാര്യ മുംതാസ് ബീഗവും മക്കളായ അംസയും അബിലയും ഇന്നും മുടക്കം കൂടാതെ നടത്തുന്നു.

രാജപാളയത്തുനിന്നും കാൽനടയായി ശബരിമലയിലേക്ക് 90 അംഗ സംഘം വർഷങ്ങളായി വരുന്നുണ്ട്. കുട്ടികൾമുതൽ പ്രായമുള്ളവർവരെ ഇതിൽ കാണും. 40 ദിവസത്തെ വ്രതമെടുത്താണ് ഇവർ പുറപ്പെടുന്നത്. അച്ചൻകോവിൽവരെ വിശ്രമിക്കാൻ ക്ഷേത്ര പരിസരങ്ങളുണ്ട്. അതിനുശേഷമുള്ള 40 കിലോമീറ്റർ കാട്ടിലൂടെയുള്ള യാത്രയാണ്. ഇതിനിടയിൽ വനം വകുപ്പിന്റെ കേന്ദ്രത്തിലാണ് വിശ്രമം.

ഇവർ അച്ചൻകോവിലാറ് കടന്ന് കുമ്മണ്ണൂരിൽ എത്തുമ്പോൾ വിരിവെക്കാനുള്ള സൗകര്യം പള്ളിപ്പടിഞ്ഞാറ്റേതിൽ വീട്ടിൽ സാറാ ബീവി ചെയ്തുകൊടുക്കുമായിരുന്നു. ഭക്ഷണം പാകം ചെയ്യാനുള്ള വിറക്, അരി എന്നിവയും നൽകിയിരുന്നു.

സാറാ ബീവിയുടെ മരണശേഷം മകനും കുടുംബവും ഈ പതിവ് ഏറ്റെടുത്തു. തമിഴ്സംഘം വരുന്നതിന്റെ രണ്ടുദിവസം മുൻപുതന്നെ കുമ്മണ്ണൂരിൽ വിവരം അറിയിക്കും. നാട്ടുകാരിൽ പലരും തീർത്ഥാടകരെ സ്വീകരിക്കാൻ എത്തും. അയ്യപ്പൻമാരുടെ വ്രതത്തിന് തടസ്സം ഉണ്ടാകാത്ത രീതിയിൽ വരുന്നവരും സഹകരിക്കും.

ഭക്ഷണം പാകംചെയ്ത് കുമ്മണ്ണൂർക്കാർക്കും വിളമ്പിയ ശേഷമേ തീർത്ഥാടകർ കഴിക്കൂ. ഒരു പകലുമുഴുവൻ കുമ്മണ്ണൂരിൽ ചെലവഴിക്കും. ശരണംവിളിയും ഭജനയും കഴിഞ്ഞ് വൈകീട്ട് കാൽനടയാത്ര തുടരും. കഴിഞ്ഞവർഷം കോവിഡുകാരണം സംഘം എത്തിയില്ല. ഇത്തവണ വരും. ഷാജിയും കുടുംബവും തീർത്ഥാടകരെ വരവേൽക്കാൻ കാത്തിരിക്കുന്നു.