തിരുവനന്തപുരം: കിഫ്ബി പദ്ധതികളിലെല്ലാം അഴിമതിയുണ്ടെന്നും കിഫ്ബിക്കൊപ്പം കിക്ക്ബാക്ക് എന്നുകൂടി എഴുതിച്ചേർക്കണമെന്നും യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ.
കിഫ്ബിയിലെ അഴിമതി കണ്ടെത്തുന്നത് തടയാനാണ് മന്ത്രി തോമസ് ഐസക്ക് സി.എ.ജി.ക്കെതിരേ രംഗത്തിറങ്ങിയിട്ടുള്ളത്. ഭരണഘടനാവിരുദ്ധമായ വായ്പകൾ എടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടാൻ സി.എ.ജി.ക്ക് അവകാശമുണ്ട്. കണക്കുകൾ പരിശോധിക്കാനുള്ള അധികാരവുമുണ്ട്. അതിന്റെ പേരിൽ അവർക്കെതിരേ ആക്രമണം നടത്തേണ്ടതില്ല. ധനമന്ത്രി സി.എ.ജി.ക്കെതിരേ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കയാണ്. നിയമസഭയിൽ െവക്കുന്നതിനുമുമ്പേ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവിട്ട് സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിക്കെതിരേ യു.ഡി.എഫ്. പരാതിനൽകുമെന്നും ഹസൻ പറഞ്ഞു.
കുറ്റപത്രം സമർപ്പിക്കുന്നതിനുമുമ്പ് കമറുദ്ദീൻ എം.എൽ.എ.യെ അറസ്റ്റുചെയ്തത് രാഷ്ട്രീയപ്രേരിതമാണ്. സി.പി.എം. എം.എൽ.എ. പി.വി.അൻവറിനെതിരേ മഞ്ചേരി പോലീസ് എടുത്ത കേസിൽ ഹൈക്കോടതി ഉത്തരവിട്ടിട്ടും ഇതുവരെ അറസ്റ്റുചെയ്തിട്ടില്ലെന്നും ഹസൻ പറഞ്ഞു.