കരുനാഗപ്പള്ളി : കരുനാഗപ്പള്ളി കോഴിക്കോട് വട്ടക്കായലിൽ ചൂണ്ടയിടാൻ പോയ യുവാക്കൾ സഞ്ചരിച്ച വള്ളം മുങ്ങി ഒരാളെ കാണാതായി. രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. കരുനാഗപ്പള്ളി മരുതൂർകുളങ്ങര തെക്ക് മംഗലശ്ശേരിൽ സുരേന്ദ്രന്റെയും ഉഷയുടെയും മകൻ സുദിനെ(23)യാണ് കാണാതായത്. മരുതൂർകുളങ്ങര തെക്ക് മണ്ണേൽ ഹരികൃഷ്ണൻ (23), പീടികച്ചിറയിൽ ശിവശങ്കർ (22) എന്നിവരാണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.

സുഹൃത്തുക്കളായ യുവാക്കൾ ചെറിയ വള്ളത്തിൽ ചൂണ്ടയിടാൻ പോകുന്നതിനിടെയാണ് അപകടം. ശക്തമായ കാറ്റിലും മഴയിലും വള്ളം മറിയുകയായിരുന്നു. മൂന്നുപേരും നീന്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സുദിനെ കാണാതാകുകയായിരുന്നു. നീന്തിക്കയറിയ രണ്ടുപേർ ഇടത്തുരത്ത് ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്താണ് എത്തിയത്. ഇവരുടെ കരച്ചിൽകേട്ട് മറുകരയിലുണ്ടായിരുന്നവർ വള്ളത്തിലെത്തി ഇവരെ കന്നിട്ടക്കടവിനു സമീപമെത്തിച്ചു.

തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കാണാതായ യുവാവിനെ കണ്ടെത്തിയില്ല. കാലാവസ്ഥ പ്രതികൂലമായതോടെ ഏറെനേരം തിരച്ചിൽ തുടരാനായില്ല. രാത്രിയോടെയാണ് വീട്ടുകാരും പ്രദേശവാസികളും വിവരമറിയുന്നത്. ഫയർഫോഴ്‌സും പോലീസും സ്പെഷ്യൽ സ്കൂബാ ടീമും സ്ഥലത്തെത്തി ശനിയാഴ്ച ഉച്ചവരെയും തിരച്ചിൽ തുടർന്നെങ്കിലും കണ്ടെത്തിയില്ല. ചവറ പോലീസ് കേസെടുത്തു.